മനാമ: കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലേക്കുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ ചാർട്ടേഡ് ൈഫ്ലറ്റുകൾ ക്രമീകരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയ ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കെ. മുരളീധരൻ എം.പി അഭിപ്രായപെട്ടു. ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മീഡിയ സിറ്റിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നാൾ നേരിട്ട കാലാവസ്ഥയല്ല ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. വാജ്പേയിയുടെയും അദ്വാനിയുടെയും കാലത്ത് കുറച്ചു മയം ഉണ്ടായിരുന്നു.
ടാറ്റയിൽനിന്ന് ഏറ്റെടുത്ത എയർ ഇന്ത്യ അവർക്കുതന്നെ തിരിച്ചുനൽകി സ്വന്തമായി എയർലൈൻസ് ഇല്ലാത്ത രാജ്യമായി നമ്മുടെ നാടിനെ മാറ്റി. പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം അദാനിക്ക് വിൽക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങൾ വിൽപനക്ക് വെച്ചിരിക്കുന്നു. കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ നമ്മൾ രക്ഷപ്പെട്ടു നിൽക്കുന്നു. സംസ്ഥാനത്ത് എല്ലാ വകുപ്പുകളും കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൗരത്വ ബില്ലിന് അനുകൂലമായി നിലപാടെടുത്ത ഗവർണറെ നയപ്രഖ്യാപന പ്രസംഗം നടത്താൻ അനുവദിക്കില്ലെന്ന യു.ഡി.എഫ് നിലപാടിനെ സർക്കാറും ഗവർണറും ഒന്നിച്ചാണ് നേരിട്ടത്. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളിൽ രണ്ടുകൂട്ടരും ഒരുപോലെ പ്രതികളാണെന്നും കെ. മുരളീധരൻ അഭിപ്രായപെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി സെക്രട്ടറി കെ.പി. മുസ്തഫ, ബഷീർ അമ്പലായി, കെ.സി. ഷമീം, കാസിം എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി നേതാക്കളായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, മനു മാത്യു, എം.ഡി. ജോയ്, ഷാജി പൊഴിയൂർ, നസീം തൊടിയൂർ, ജി. ശങ്കരപിള്ള, ഷിബു എബ്രഹാം, എബ്രഹാം സാമുവൽ, ജസ്റ്റിൻ ജേക്കബ്, ശ്രീധർ തേറമ്പിൽ, ചെമ്പൻ ജലാൽ, ചന്ദ്രൻ വളയം, ഫിറോസ് അറഫ, ഇബ്രാഹിം അദ്ഹം, വില്യം ജോൺ, മോഹൻകുമാർ നൂറനാട്, സുനിൽ ജോൺ, ജലീൽ മുല്ലപ്പള്ളി, പി.ടി. ജോസഫ്, റംഷാദ് അയിലക്കാട്, യു. മുനീർ, സൽമാനുൽ ഫാരിസ്, സി.കെ. ബിജുബാൽ എന്നിവർ നേതൃത്വം നൽകി.