bahrainvartha-official-logo
Search
Close this search box.

” ഇൻസ്പയർ” എക്‌സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

IMG-20221210-WA0027

മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കെ.എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.

പ്രവാസികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നടത്താനും ഏകോപിപ്പിക്കാനും ഏറെ സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്നത് അദ്ദേഹം എടുത്തു പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ സ്നേഹവും കാരുണ്യവും നന്ദിയോടെയാണ് ഇവിടെയുള്ള ഓരോ പ്രവാസിയും അനുഭവിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരികത്തനിമയും പാരമ്പര്യവും ഇത്തരം എക്‌സിബിഷനിലൂടെ ജനങ്ങൾക്ക് കൂടുതൽ മനസിലാക്കാൻ സാധിക്കും. സമൂഹത്തെ പിടികൂടിയ തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണവും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ബഹ്‌റൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എക്സിബിഷൻ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ വെച്ചാണ് നടക്കുക. ബഹ്‌റൈൻ  – അറബ് സാംസ്കാരിക തനിമയെ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകൾ ആണ് എക്‌സിബിഷനിൽ ഒരുക്കുക. ത്രിമാന രൂപത്തിലുള്ള മോഡലുകൾ, മൾട്ടിമീഡിയ പ്രസന്റേഷനുകൾ, വിർച്വൽ റിയാലിറ്റി ഡിസ്‌പ്ലെ, കാർട്ടൂൺ, കാരിക്കേച്ചറുകൾ, പെയിന്റിങ്ങുകൾ  തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്റ്റാളുകൾ ജനങ്ങൾക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

എക്സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്പെഷ്യലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള രസകരകമായ കളിമൂലകൾ, നാടൻ വിഭവങ്ങളുൾപ്പെടെയുള്ള ഭക്ഷ്യമേള, ബൌൺസി കാസിൽ, ബഹ്‌റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാ സദസുകൾ എന്നിവയും നടക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ആക്റ്റിംഗ് പ്രസിഡന്റ്‌ എം.എം.സുബൈർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ വി. കെ. അനീസ്, ബ്രദർ ജാസിം, സിസ്റ്റർ നൂറ, മുഹമ്മദ്‌ അഷ്‌റഫ്‌ ഷരീഫ്, ഫ്രന്റ്‌സ് കേന്ദ്ര സമിതി അംഗം സി. ഖാലിദ് എന്നിവർ സംസാരിച്ചു.
റിഫ ഏരിയ വൈസ് പ്രസിഡന്റ്‌ അഹമ്മദ് റഫീഖ്, എക്‌സിബിഷൻ പ്രൊഡക്ഷൻ ഡയരക്ടർ അബ്ദുല്ല, വനിതാ വിഭാഗം പ്രസിഡന്റ്‌ സക്കീന അബ്ബാസ്, കേന്ദ്ര സമിതി അംഗങ്ങളായ റഷീദ സുബൈർ, സലീന ജമാൽ, ഷബീഹ ഫൈസൽ, അസ്റ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!