bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ തൊഴില്‍ മന്ത്രി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു

New Project - 2022-12-26T115316.279

മനാമ: ബഹ്‌റൈന്‍ തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ദാന മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തി. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാലയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ബഹ്റൈനി പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളെക്കുറിച്ച് ജൂസര്‍ രൂപവാല വിശദീകരിച്ചു.

നിലവില്‍ 1,000 ബഹ്റൈനികളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. മൊത്തം ജീവനക്കാരുടെ 30 ശതമാനമാണ് ഇത്. 2021ലും 2022 ലും 750 ബഹ്റൈനികളെ റിക്രൂട്ട് ചെയ്യുകയും പ്രത്യേക പരിഗണന ആവശ്യമുള്ള 15 സ്വദേശികളെ പാര്‍ട്ട് ടൈമറായി നിയമിക്കുകയും ചെയ്തു. സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പദ്ധതിക്ക് പിന്തുണ നല്‍കുന്ന ലുലു മാനേജ്‌മെന്റിനെ മന്ത്രി ശ്ലാഖിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ തൊഴില്‍ പദ്ധതികളുടെ വിജയത്തിന് സ്വകാര്യമേഖല വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി സ്വകാര്യ മേഖലക്കൊപ്പം ജോലി ചെയ്യുന്ന ബഹ്‌റൈനികളെ അദ്ദേഹം പ്രശംസിച്ചു. ബഹ്റൈനികള്‍ക്ക് തൊഴില്‍ നല്‍കാനും സ്വദേശികളെ സ്വമേധയാ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്വകാര്യ മേഖലയ്ക്കും അതിന്റെ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവരുടെ വളര്‍ച്ചക്ക് ഏറെ സഹായകമാണെന്നും കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ ഇത് സ്വകാര്യ മേഖലയെ പ്രേരിപ്പിക്കുമെന്നും ജൂസര്‍ രൂപാവാല പറഞ്ഞു. സ്വദേശി തൊഴിലാളികളുടെ വിജയവും പ്രൊഫഷണലിസവും നിയമനങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്നും അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനങ്ങളില്‍ കൂടുതല്‍ ബഹ്റൈനികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശികള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്നതാണ് 2021-2023 കാലത്തെ തൊഴില്‍ വിപണി പദ്ധതി. സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമായി 2024 ആകുമ്പോഴേക്കും 20,000 ബഹ്റൈനികള്‍ക്ക് ജോലി നല്‍കാനും തുടര്‍ന്ന് പ്രതിവര്‍ഷം 10,000 പേര്‍ക്ക് പരിശീലനം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!