മനാമ: ദാറുൽ ഈമാൻ കേരളം വിഭാഗം മനാമ വനിതാ വിംഗ് അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു. ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പു നൽകുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണെന്ന് ചടങ്ങിൽ വിഷയമവതരിപ്പിച്ച സഈദ് റമദാൻ നദ്‌വി ഓർമിപ്പിച്ചു. നന്മകളും പുണ്യങ്ങളും പുഷ്‌പിച്ചു നിൽക്കുന്ന സന്തോഷ സുരഭില വേലയാകുന്ന റമദാനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താനും അത് വഴി ആത്മീയ ഉന്നതി കൈ വരിക്കാനും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൈവവിശ്വാസവും ഭയഭക്തിയും പൈശാചിക പ്രവര്‍ത്തനങ്ങളിൽ നിന്നുള്ള വിട്ടു നിൽക്കലും ആജീവനാന്തം നിലനിര്‍ത്താന്‍ വിശ്വാസിയെ പാകപ്പെടുത്തുകയാണ് വ്രതത്തിന്റെ മുഖ്യ ദൗത്യം. റമദാനിലെ വ്രതാനുഷ്‌ഠാനത്തിന് ബാഹ്യമായുള്ളതിനേക്കാള്‍ കൂടുതല്‍ ആത്മീയ തലമാണുള്ളത്. ഭക്ഷണം വെടിയുക, ആരാധനകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ബാഹ്യകര്‍മങ്ങള്‍ ആത്മാവിന് കൂടുതല്‍ ചൈതന്യം പകരാനിടയാക്കുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനാമ സൂഖിലെ ഫ്രന്റ്സ് ഓഫീസിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് റഷീദ സുബൈർ അധ്യക്ഷത വഹിച്ചു. ഫസീല ഹാരിസ് സ്വാഗതംആശംസിക്കുകയും സുജീറ നിസാമുദ്ദീൻ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. ഫർസാന റാഫിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് റസീന അക്ബർ , ബുഷ്‌റ ഹമീദ് , ഷബ്‌ന ഫൈസൽ എന്നിവർ നേതൃത്വം നൽകി.