കെ.എം.സി.സി ‘അഹ് ലന്‍ റമദാന്‍’ ഇന്ന് സമസ്തയില്‍; ഉസ്താദ് അബ്ദുള്ള സലീം വാഫി മുഖ്യപ്രഭാഷണം നടത്തും

മനാമ: ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അഹ് ലന്‍ റമദാന്‍ പ്രോഗ്രാം ഇന്ന് (3, വെള്ളിയാഴ്ച) രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. യുവപണ്ഢിതനും വാഗ്മിയുമായ ഉസ്താദ് അബ്ദുള്ള സലീം വാഫിയാണ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. ഇതിനായി വാഫി ഇന്ന് (വെള്ളിയാഴ്ച) ബഹ്റൈനിലെത്തും.

മത പ്രഭാഷണ രംഗത്ത് ആയിരങ്ങളെ ആഘര്‍ഷിക്കുന്ന ഈ യുവ പണ്ഢിത പ്രതിഭയുടെ പ്രഭാഷണം യൂടൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെല്ലാം ഇതിനകം വൈറലാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി വിവരിക്കുന്ന വാഫിയുടെ പ്രഭാഷണം ശ്രവിക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ വിവിധ കാരുണ്യ പദ്ധതികളുടെ പൂര്‍ത്തീകരണവും ചടങ്ങില്‍നടക്കും.

മനാമയിലെ‍ സമസ്ത ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിക്കുന്ന പ്രഭാഷണം രാത്രി 11 മണിവരെ നീണ്ടു നില്‍ക്കും. പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39881099, 33161984 ബന്ധപ്പെടാവുന്നതാണ്.