ഈ റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന, ലേബർ ക്യാമ്പിലെ കുറച്ച് സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ സാധിച്ചാൽ എത്ര മഹത്തരമായിരിക്കും ഈ റമദാൻ പുണ്യനാൾ ?
നിങ്ങൾക്കതിനുള്ള മനസ്സുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ ‘പ്രതീക്ഷ ബഹ്‌റൈൻ’ ന്റെ വാളണ്ടിയേഴ്‌സ് റെഡിയാണ്. അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ചു അര്‍ഹരായ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കുവാനും ‘ഹോപ്പ്’ അഥവാ ‘പ്രതീക്ഷ’ യിലെ അംഗങ്ങൾ സന്നദ്ധരാണ്. ‘പ്രതീക്ഷ ബഹ്‌റൈൻ’ രൂപീകൃതമായപ്പോൾ മുതൽ തുടർന്നു വരുന്ന ‘സുഹൃത്തിന് ഒരു ഭക്ഷണം’ എന്ന ആശയത്തിലൂന്നി, കഴിഞ്ഞ രണ്ട് വർഷവും റമദാൻ നാളുകളിൽ, ഈ കൂട്ടായ്മ ഇതേ സേവന പ്രവർത്തനവുമായി മുൻപോട്ട് പോയിരുന്നു.
അതിന്റെ തുടർച്ചയായുള്ള ഈ പ്രവർത്തനത്തിലൂടെ, ഇഫ്‌താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുശ്ചമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കുവാനും, ‘ഭക്ഷണം പാഴാക്കരുത്’ എന്ന സന്ദേശം നൽകുവാനുമാണ് ശ്രമിക്കുന്നതെന്ന് പ്രതീക്ഷയുടെ ഭാരവാഹികൾ അറിയിച്ചു. വൈകിയുള്ള അറിയിപ്പുകൾ അനുസരിച്ച്, ഭക്ഷണം എത്തിക്കുമ്പോഴേയ്ക്കും പാഴാകുമെന്നതിനാൽ രാത്രി 8.30 ന് മുമ്പായി അറിയിക്കണമെന്നും അഭ്യർഥിച്ചു. പ്രതീക്ഷയുടെ സേവനങ്ങൾക്ക് 3777 5801 (ഗിരീഷ്), 3412 5135 (അൻസാർ), 3650 5645 (പ്രിന്റു) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.