മനാമ: വിശ്വാസ സമൂഹത്തിന് അനുവദിച്ച രണ്ട് ആഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ ദിനത്തിൽ റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനിവരും നാളുകളിലും കൈമോശം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി എൻ. അബ്ദുല്ലത്വീഫ് മദനി ഉത്‌ബോധിപ്പിച്ചു.
ഹൂറ ഉമ്മ് അയ്മൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിൽ ഛിദ്രത വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.
ഉമ്മ് അൽ ഹസ്സം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന നമസ്‌കാരത്തിന് സി. ടി. യഹ്‌യ, ഹിദ്ദ് ഗേൾസ് ഹൈ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് അബ്ദുല്ല ത്വീഫ് അഹ്മദ് എന്നിവരും നേതൃത്വം നൽകി.
സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈദിന്റെ രണ്ടാം ദിനത്തിൽ ഉമ്മ് അൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ മഗ് രിബ് നമസ്‌കാരത്തിന് ശേഷം നടക്കുന്ന ഈദ് സംഗമത്തിൽ അദ്ദേഹം സദസ്സിനെ അഭിസംബോധനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.