‘ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി’ യുടെ വിദേശ സന്ദര്‍ശനമെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് സമസ്ത; ഗള്‍ഫിലെ വിശ്വാസികളും മാധ്യമ പ്രവര്‍ത്തകരും വഞ്ചിതരാവരുതെന്ന് പൂക്കോയ തങ്ങള്‍

മനാമ: ‘ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി’യുടെ വിദേശ സന്ദര്‍ശനം എന്ന പേരില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കാന്തപുരം വിഭാഗം സുന്നികള്‍ നടത്തുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും വിഘടിത സുന്നികളുടെ കുപ്രചരണങ്ങളില്‍ ഗള്‍ഫിലെ വിശ്വാസികളും സ്വദേശികളും മാധ്യമ പ്രവര്‍ത്തകരും വഞ്ചിതരാവരുതെന്നും സമസ്ത യുടെ ഓണ്‍ലൈന്‍ ചാനലായ സമസ്ത കേരള ഇസ്ലാമിക് ക്ലാസ്റൂം(SKICR) ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഉുംറക്കെത്തിയ അദ്ദേഹം മക്കയില്‍ വെച്ചാണ് ഇക്കാര്യം അറിയിച്ചത്.

യഥാര്‍ത്ഥത്തില്‍, വര്‍ഷങ്ങളായി ഇന്ത്യയിലെ ബറേല്‍വി നേതൃത്വമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ തിരഞ്ഞെടുത്തുവരുന്നത്. മുന്‍ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ ഗ്രാന്‍റ് മുഫ്തിയെ അവര്‍ പ്രഖ്യാപിക്കാനിരിക്കെ, കാന്തപുരം വിഭാഗം സുന്നികളുടെ വിദ്യാര്‍ത്ഥി സംഘടന, അവരുടെ നേതാവായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്‍റ് മുഫ്തിയായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

ബറേല്‍വി നേതൃത്വത്തിന്‍റെ കീഴ് വഴക്കമനുസരിച്ച്, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച്, ഏറെ വൈകാതെ മുന്‍ഗ്രാന്‍റ് മുഫ്തിയുടെ മകനും പണ്ഢിതനുമായ മുഫ്തി അസ്ജദ് റസാഖാനെ പുതിയ ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തിയായി പ്രഖ്യാപിച്ചതോടെയാണ് കാന്തപുരം വിഭാഗത്തിന്‍റെ കുത്സിത നീക്കം പരാജയപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്നുള്ള ജാള്യത മറക്കാനാണ് അവരിപ്പോള്‍ കാന്തപുരത്തെ സ്വയം പ്രഖ്യാപിത ഗ്രാന്‍റ് മുഫ്തിയായി കൊണ്ടു നടക്കുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ ഗ്രാന്‍റ് മുഫ്തി എന്ന പദവിയില്‍ പരിചയപ്പെടുത്തി വലിയ സാമ്പത്തിക കൊള്ളയും ചൂഷണവുമാണ് അവര്‍ ലക്ഷ്യം വെക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

അതിനിടെ, യഥാര്‍ത്ഥ ഗ്രാന്‍റ് മുഫ്തി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബറേല്‍വി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കുകയും കാന്തപുരത്തിന്‍റെ അവകാശ വാദം വ്യാജമാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കേരളത്തിലെ മാധ്യമങ്ങളെ അറിയിക്കാനായി നാട്ടില്‍ പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തിരുന്നു. ബറേല്‍വി നേതൃത്വത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച്, ജമാഅത്തെ റസായെ മുസ്ഥഫ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ ഖാദിരി ഒപ്പുവെച്ച പ്രസ്തുത കുറിപ്പും പുതിയ ഗ്രാൻഡ് മുഫ്തി അസ്ജദ് റസാഖാനാണ് എന്ന് വ്യക്തമാക്കുന്ന രേഖകളും സമസ്ത നേതാക്കൾ ഏപ്രില്‍ 29ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും കൈമാറുകയും ചെയ്തതുമാണ്.

എന്നാല്‍ അതെല്ലാം അവഗണിച്ചാണിപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മാധ്യമങ്ങളിലൂടെ കാന്തപുരത്തെ ‘ഇന്ത്യന്‍ ഗ്രാന്‍റ്മുഫ്തി’യായി തെറ്റിദ്ധരിപ്പിച്ച് എഴുന്നള്ളിക്കുകയും പ്രത്യേക സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ച്പുതിയ ചൂഷണ ശ്രമങ്ങള്‍ നടക്കുന്നതും. പ്രവാസി മലയാളികളില്‍ നിന്നും അറബികളില്‍ നിന്നും പണം തട്ടാനുള്ള വിഘടിതരുടെ ഒരു കുതന്ത്രം മാത്രമാണിത്. ഇതില്‍ പ്രവാസി മലയാളികളും ഗള്‍ഫ് രാഷ്ട്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും വഞ്ചിതരാവരുത്.

കാന്തപുരത്തെ, ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തിയായി അവതരിപ്പിക്കുന്ന വിഘടിത സംഘടനകളുടെ പ്രസ്റിലീസുകള്‍ അപ്പടി പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍, വിഘടിതരുടെ ചൂഷണത്തിന് കരുവാക്കപ്പെടുകയാണെന്നും അവര്‍ അക്കാര്യം തിരിച്ചറിയണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെതെന്ന പേരില്‍ 7 വര്‍ഷം മുന്പ് ബോംബെയില്‍ നിന്നും വ്യാജ കേശം ഇറക്കുമതി ചെയ്തതും അതിന്‍റെ പേരില്‍ കോടികള്‍ പിരിച്ചെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്തതും ഇതേ കാന്തപുരമാണ്.

പ്രസ്തുത കേശം സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച്, അതിന്‍റെ പേരില്‍ നിരവധി പ്രവാസികളെയാണ് അദ്ദേഹവും അനുയായികളും ചൂഷണം ചെയ്തത്.
എന്നാല്‍ പണം സ്വരൂപിച്ച് 7 വര്‍ഷം കഴിഞ്ഞിട്ടും തിരുകേശത്തിന്‍റെ പേരില്‍ ഒരു പള്ളി അവര്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് മാത്രമല്ല, പ്രസ്തുത പള്ളി എവിടെ നിര്‍മ്മിക്കുമെന്ന് കൃത്യമായി പ്രഖ്യാപിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല.

വര്‍ഷങ്ങളോളം ഈ പള്ളിയുടെ പേരില്‍, ഗള്‍ഫിലെ പ്രവാസി മലയാളികളില്‍ നിന്നും ഒരു വ്യക്തിക്ക് ഇന്ത്യന്‍ രൂപ 1000ത്തിനു തുല്യമായ ദിനാറും ദിര്‍ഹമുമായി കോടിക്കണക്കിന് സംഖ്യയാണവര്‍ സ്വരൂപിച്ചത്. ഈ സംഖ്യ സ്വരൂപിക്കാനായി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ വിതരണം ചെയ്ത കൂപ്പണുകളില്‍ റസീപ്റ്റ് നമ്പർ പോലും വിഘടിതര്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ പള്ളിയുടെ പേരില്‍ ശേഖരിച്ച കോടിക്കണക്കിന് സംഖ്യയുടെ കൃത്യമായ കണക്കുപോലും ഇന്ന് ലഭ്യമല്ല. ഇക്കാര്യങ്ങള്‍ പല തവണ ചോദിച്ചിട്ടും കൃത്യമായ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഇപ്പോള്‍ അടുത്ത ധനസന്പാദനത്തിനും ചൂഷണത്തിനും അവര്‍ ഇറങ്ങിതിരിച്ചിരിക്കുന്നതെന്നും വിശുദ്ധ റമദാനില്‍ പോലും വിശ്വാസികളെ നിര്‍ലജ്ജം ചൂഷണം ചെയ്യുന്ന ഇവരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.