ഇന്ത്യൻ സ്‌കൂൾ ‘ടെക്‌നോ ഫെസ്റ്റ് 2019’ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ ഈ വർഷത്തെ ശാസ്ത്ര സാങ്കേതിക ദിനമായ ടെക്‌നോ ഫെസ്റ്റ് വിവിധ പരിപാടികളോടെ ഇസ ടൗൺ ക്യാമ്പസിൽ ആഘോഷിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിലെ പുത്തൻ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ പരിപാടികളിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളുടെ സാങ്കേതിക വൈദഗ്ദ്ധ്യം, ശാസ്ത്രീയ മനോഭാവം എന്നിവ പ്രദർശിപ്പിക്കാൻ അവസരമേകുന്ന ടെക്നോഫസ്റ്റുമായി ബന്ധപ്പെട്ട പരിപാടികളിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വരുന്ന വിദ്യാർത്ഥികൾ പങ്കുകൊണ്ടു.

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം, ന്യൂ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലെനിയം സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ഏഷ്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. സിമ്പോസിയം, തത്സമയ മാതൃക നിർമ്മാണം, ശാസ്ത്ര സാങ്കേതിക ക്വിസ്, പ്രദർശന ബോർഡ് എന്നിവയിൽ മത്സരങ്ങൾ നടന്നു.

ബയോമെട്രിക് ടെക്നോളജിയിയെ ആസ്പദമാക്കി നടന്ന സിമ്പോസിയത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി സ്റ്റാസി മറിയം സോജു ഒന്നാം സമ്മാനം നേടി. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിലെ ലക്ഷ്മി മനോജ് രണ്ടാം സമ്മാനം നേടി. അൽ നൂർ ഇന്റർനാഷണൽ സ്കൂളിന്റെ നവനീത് അനിൽകുമാർ മൂന്നാം സമ്മാനത്തിന് അർഹനായി. തത്സമയ മാതൃക നിർമ്മാണ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ഒന്നാം സമ്മാനം നേടി. അൽ നൂർ ഇന്റർനാഷണൽ സ്കൂളും ബഹ്റൈൻ ഇന്ത്യൻ സ്കൂളും യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്ത്ര സാങ്കേതിക പ്രശ്നോത്തരിയിൽ ഏഷ്യൻ സ്കൂൾ ഒന്നാം സമ്മാനം നേടി. ന്യു മില്ലെനിയം സ്കൂൾ രണ്ടാം സ്ഥാനവും ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം സമ്മാനവും നേടി. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ യുള്ള വിദ്യാർത്ഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ പ്രദർശന ബോർഡ് മത്സരം നടന്നു. എല്ലാ മത്സരങ്ങളും അതാതു മേഖലകളിൽ വിദഗ്ധരായ വിധികർത്താക്കളാണ് വിലയിരുത്തിയത്. സമാപന സമ്മേളനത്തിൽ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, വിനോദ് എസ് എന്നിവരും ശാസ്ത്ര അധ്യാപകരും സമ്മാനദാനം നിർവഹിച്ചു. മുതിർന്ന ശാസ്ത്ര അദ്ധ്യാപകൻ സുരേഷ് ആർക്കോട്ട് വിജയികളെ അഭിനന്ദിച്ചു. വിദ്യാർത്ഥിയുടെ പ്രായോഗിക ജീവിതത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം അദ്ദേഹം വിശദീകരിച്ചു.