ഒ.ഐ.സി.സി ബഹ്റൈൻ മുൻ മന്ത്രി കടവൂർ ശിവദാസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: മുൻ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും ദീർഘകാലം മന്ത്രിയുമായിരുന്ന കടവൂർ ശിവദാസന്റെ വിയോഗത്തിൽ ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനം രേഖപ്പെടുത്തി. അഞ്ചുതവണ എം. എൽ. എ യും, കെ. കരുണാകരൻ, എ. കെ. ആന്റണി എന്നീ മുഖ്യമന്ത്രിമാരുടെ കൂടെ നാല്തവണ വൈദ്യുതി, തൊഴിൽ, എക്സൈസ്, വനം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രി ആയിരുന്ന അദ്ദേഹം ഏറ്റെടുത്ത ചുമതലകൾ വിശ്വസ്തയോടുകൂടി ചെയ്ത വ്യക്തി ആയിരുന്നു. കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ എന്ന നിലക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം മുന്നിൽ എക്കാലവും ഉണ്ടായിരുന്നു. തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ എന്നും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു.

ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ്‌ നസീം തൊടിയൂർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി കെ. സി. ഫിലിപ്പ് ദേശീയ ട്രഷറർ അഷ്‌റഫ്‌ മർവ, സെക്രട്ടറി മാരായ ജവാദ് വക്കം, മനു മാത്യു, കൊല്ലം ജില്ലാ ഭാരവാഹികൾ ആയ വിൽസൺ വർഗീസ്, വില്ല്യം ജോൺ, അനുരാജ്, റോയ് മാത്യു, സിയാവുദ്ധീൻ,സോവിച്ചൻ ചേന്നാട്ടുച്ചേരി, രാഘവൻ കരിച്ചേരി, തോമസ് കാട്ടുപറമ്പിൽ, ഷാഹിർ മാളോൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.