bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

IMG-20231214-WA0043

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ രാജ്യത്തിന് ആശംസകൾ അർപ്പിക്കാൻ കാമ്പസ് ഗ്രൗണ്ടിൽ ഒത്തുചേർന്നു. ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും ഈ ആഘോഷവേളയെ അവിസ്മരണീയമാക്കി. വിദ്യാർത്ഥികൾ പരമ്പരാഗത അറബി പായ്ക്കപ്പലിന്റെ ചിത്രം കാമ്പസ് ഗ്രൗണ്ടിൽ തീർത്തുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

 

 

ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽ വസ്ത്രം ധരിച്ച്, അധ്യാപികമാർ അവരുടെ ക്ലാസുകളിൽ നിന്ന് കാമ്പസ് ഗ്രൗണ്ടിലേക്ക് കുട്ടികളെ നയിച്ചു. ദേശ സ്നേഹ സ്മരണയിൽ ദേശീയ ഗാനാലാപനം നടന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഭരണ സമിതി അംഗം ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപികമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ പ്രതീകമായി 52 ചുവപ്പും വെള്ളയും ബലൂണുകൾ വാനിലേക്കുയർന്നു. തുടർന്ന് വിശുദ്ധ ഖുർആനിലെ വാക്യങ്ങളുടെ പാരായണം നടന്നു.

 

 

പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. പ്രിൻസ് എസ് നടരാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ കഴിവുകൾക്കും അതുല്യമായ പ്രകടനത്തിനും സ്‌കൂളിനെ അഭിനന്ദിച്ചു. സ്റ്റാഫിന്റെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം വിദ്യാഭ്യാസ മികവിൽ റിഫ ടീം തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിച്ചു. ഭരണ സമിതി അംഗം പ്രേമലത എൻ.എസ് നന്ദിയും പറഞ്ഞു. അറബിക് അധ്യാപികമാരുടെ ചിട്ടപ്പെടുത്തലുകളോടെ 1, 2, 3 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരമ്പരാഗത നൃത്തങ്ങളോടെ പരിപാടികൾ തുടർന്നു.

 

 

വൈവിധ്യമാർന്ന അറബിക് വിഭവങ്ങൾക്കൊപ്പം പരമ്പരാഗത ബഹ്‌റൈൻ അലങ്കാരങ്ങളും കാമ്പസിനു നിറം പകർന്നു. ബഹ്‌റൈൻ വനിതാ ദിനത്തോടനുബന്ധിച്ച് സ്‌കൂൾ അധികൃതർ ആശംസകൾ അറിയിക്കുകയും അവരുടെ മഹത്തായ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. ആശംസാ കാർഡുകളും പോസ്റ്ററുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാൽ ദേശീയ ദിനത്തിന് മുന്നോടിയായുള്ള ആഴ്‌ചകളിൽ കാമ്പസ് വർണ്ണ ശബളമായിരുന്നു. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന് പ്രത്യേക പരിപാടികളും അസംബ്ലികളും റിഫ കാമ്പസിൽ സംഘടിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!