മനാമ: സമസ്ത ബഹ്റൈന്റെ നേതൃത്വത്തിൽ അൽ- ഇത്ഖാൻ 2024 എന്ന ശീർഷകത്തിൽ ജനുവരി ആറ് മുതൽ ഏപ്രിൽ 10 വരെ ത്രൈമാസ കാമ്പയിൻ നടക്കും. മനാമ ഏരിയ ഇർശാദുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റി ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ചെയർമാനായും വി. കെ. കുഞ്ഞഹമ്മദ് ഹാജി വൈസ് ചെയർമാനായും എസ്.എം. അബ്ദുൽ വാഹിദ് കൺവീനറുമായി 33 അംഗ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ടിന് പ്രമുഖ പ്രഭാഷകനും മനശ്ശാസ്ത്ര വിദഗ്ദനുമായ ഡോ. സാലിം ഫൈസി കൊളത്തൂരാണ് കാമ്പയിനിന്റെ ഉദ്ഘാടകൻ. ഏഴിന് രാവിലെ 10ന് വിമൻസ് ഇന്റലക്ച്ച്വൽ മീറ്റും രാത്രി എട്ടിന് സ്റ്റുഡൻസ് സമ്മിറ്റും 8, 9 തീയതികളിൽ രാവിലെ 9 ന് പ്രത്യേക രജിസ്ട്രേഷൻ മുഖേന ഫാമിലി കൗൺസലിങ്ങും നടക്കും. ഒമ്പതിന് രാത്രി എട്ടിന് നടക്കുന്ന ലീഡേർസ് മീറ്റിനും ഡോ. സാലിം ഫൈസി കൊളത്തൂർ നേതൃത്വം നൽകും.
12ന് രാവിലെ എട്ടു മുതൽ ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും രാത്രി എട്ടിന് ആരോഗ്യ സെമിനാറും നടക്കും. രണ്ട് സെഷനുകളായി നടക്കുന്ന സെമിനാറിൽഅൽ ഹിലാൽ മെഡിക്കൽ സെന്റർ ന്യൂറോളജി വിഭാഗം മേധാവി രൂപ്ചന്ദ് പി.എസ് സ്ട്രോക് സംബന്ധമായ വിഷയത്തെ കുറിച്ച് സംസാരിക്കും.
രണ്ടാമത്തെ സെഷനിൽ ബി.ഡി.എഫ് ഹോസ്പിറ്റൽ കാർഡിയോളജിസ്റ്റും ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനുമായ ഡോ. മുഹമ്മദ് ഫൈസൽ സംശയ നിവാരണവും നടത്തും. 19 ന് ബഹ്റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാൻ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. രാവാർത്തസമ്മേളനത്തിൽ എസ്.എം. അബ്ദുൽ വാഹിദ് (സമസ്ത ബഹ്റൈൻ ജനറൽ സെക്ര), വി.കെ കുഞ്ഞഹമ്മദ് ഹാജി (വർക്കിങ് പ്രസിഡണ്ട് സമസ്ത ബഹ്റൈൻ), അശ്റഫ് അൻവരി ചേലക്കര (സമസ്ത ബഹ്റൈൻ കേന്ദ്ര കോഡിനേറ്റർ), ഹാഫിള് ഷറഫുദ്ദീൻ മൗലവി (വൈസ് പ്രസിഡന്റ് സമസ്ത ബഹ്റൈൻ),ഫാസിൽ മാഫി (സമസ്ത ബഹ്റൈനിൻ മനാമ കോഓഡിനേറ്റർ),സുബൈർ അത്തോളി (വൈസ് പ്രസിഡന്റ് സമസ്ത ബഹ്റൈൻ മനാമ മദ്റസ) എന്നിവർ സംബന്ധിച്ചു.