മനാമ: മനുഷ്യസമത്വവും അവരുടെ വിമോചനവുമാണ് എല്ലാ ദൈവിക വേദപുസ്‌തകങ്ങളുടെയും അവതരണ ലക്ഷ്യമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ പറഞ്ഞു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു നടത്തിയ ഇഫ്‌താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആന്റെ അവതരണം കൊണ്ടാണ് റമദാൻ ഏറെ ശ്രദ്ധേയമാവുന്നത്. ഖുർആൻ മനുഷ്യർക്ക് സന്മാർഗമാവുന്നത് മൂന്ന് തലങ്ങളിലാണ്.
മനുഷ്യൻ അവന്റെ ബുദ്ധികൊണ്ടുള്ള യുക്തിചിന്തയിലൂടെ ദൈവത്തെ അറിയുക, ആത്മാവ് കൊണ്ടുള്ള അനുഷ്ഠാനങ്ങളിലൂടെ ദൈവത്തോട് അടുക്കുക, ശരീരം കൊണ്ടുള്ള സൽക്കർമ്മങ്ങളിലൂടെ സമസൃഷ്ടികളെ സേവിക്കുക എന്നതാണ് ആ മൂന്ന് തലങ്ങൾ. അറിവിനോടൊപ്പം തിരിച്ചറിവ് കൂടി നേടിയെടുക്കുമ്പോഴാണ് ഇത് സാധ്യമാവുക. വേദങ്ങൾ പരിചയപ്പെടുത്തുന്ന ദൈവം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ അല്ല. ലോകത്തുള്ള എല്ലാ മനുഷ്യരുടെയും സകല സൃഷ്ടികളുടെയും നിയന്താവാണ് ദൈവം. പ്രവാചന്മാരെ ദൈവം നിയോഗിച്ചത് മനുഷ്യർക്ക് മൂല്യങ്ങളും നന്മകളും നിറഞ്ഞ ജീവിതപദ്ധതി പരിചയപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയാ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സ്വാഗതവും ഏരിയാ സെക്രട്ടറി നജാഹ് നന്ദിയും പറഞ്ഞു. സഹ്‌റ, ഹിബ എന്നിവർ ചേർന്ന് പ്രാർത്ഥനാ ഗീതം അവതരിപ്പിച്ചു. ഷെരീഫ് പി.എസ്.എം, നാസർ അയിഷാസ്, മൂസ.കെ.ഹസൻ, ഉബൈസ് തൊടുപുഴ, അബ്ദുൽ ഹഖ്, ബുഷ്‌റ റഹീം, സോനാ സക്കരിയ, ലുലു അബ്ദുൽ ഹഖ്, ഫാത്തിമ സ്വാലിഹ്, ജുമൈൽ റഫീഖ്, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.