മനാമ: മലയാളി നന്മയെ ലോകം വാഴ്ത്തിയ റഹീമിന്റെ മോചന വഴിയിൽ കെഎംസിസി ബഹ്‌റൈൻ 18 ലക്ഷം രൂപ നൽകി മാതൃകയായി. 24 മണിക്കൂർ കൊണ്ടാണ് ബഹ്‌റൈനിൽ നിന്ന് മാത്രമായി പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഇത്രയും വലിയ തുക കെഎംസിസി പിരിച്ചെടുത്തത്.
എം പി അബ്ദു റഹീമിൻ്റെ ജയിൽ മോചനത്തിനായുള്ള ധനസമാഹരണത്തിൽ കെ എം സി സി ബഹ്റൈനും
കൈകോർക്കുന്നു എന്ന പ്രചാരണവുമയാണ് കെഎംസിസി ഈ ക്യാമ്പയിൻ ഒറ്റ ദിവസം കൊണ്ട് വിജയിപ്പിച്ചത്. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഈദ് ഹദിയ (പെരുന്നാൾ സമ്മാനം) റഹീമിന്റെ ജയിൽ മോചനത്തിനായി നീക്കി വെക്കണം എന്നഭ്യർത്ഥിച്ചു കൊണ്ട് വീഡിയോ സന്ദേശവും തുടർ അഭ്യർത്ഥനയും നടത്തി. കൂടാതെ പ്രവർത്തകരുടെ ഏകോപനവും നടന്നപ്പോൾ കെഎംസിസി ബഹ്‌റൈൻ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിക്കുകയായിരുന്നു.
പിരിച്ചെടുത്ത തുക യഥാസമയം തന്നെ ഉത്തരവാദപ്പെട്ടവർ വശം അയച്ചു കൊടുത്തു. പ്രവാസിയായ ഒരു സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട്. വരാനും അത് വഴി വൃദ്ധയായ ഒരു മാതാവിന്റെ കണ്ണീർ തുടക്കാനും കേരളം ഒന്നിച്ച ഈ മഹാ ദൗത്യത്തിൽ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തൃപ്തിയും സഹകരിച്ചവർക്കുള്ള നന്ദിയും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്നും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.