മനാമ: ബി.കെ.എസ് ഇന്തോ-ബഹ്റൈൻ ഡാൻസ് &മ്യൂസിക് ഫെസ്റ്റിവൽ മൂന്നാം എഡിഷൻ മേയ് മൂന്നു മുതൽ 10 വരെ കേരളീയ സമാജത്തിൽ അരങ്ങേറും. ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അതോറിറ്റി ഓഫ് കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സഹകരണത്തോടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായ സൂര്യയുടെ നേതൃത്വത്തിലാണ് ഇന്തോ ബഹ്റൈൻ മ്യൂസിക് ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നത്.
ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷനാണ് മേയ് മൂന്നാം തീയതി ആരംഭിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനും സംവിധാനവും സൂര്യ കൃഷ്ണമൂർത്തിയാണ്.
ഉദ്ഘാടന ദിവസമായ മേയ് മൂന്നിന് പ്രമുഖ ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രബർത്തിയുടെയും സംഘത്തിന്റെയും സെമി ക്ലാസിക്കൽ ഫ്യൂഷൻ പ്രകടനമായ സഖി അരങ്ങേറും. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ക്ലാസിക്കൽ ബാൻഡാണിത്.
മേയ് 4: ഭരതനാട്യം കലാകാരൻ പാർശ്വനാഥ് ഉപാധ്യായക്കൊപ്പം, മൃദംഗ വിദ്വാനും പത്മവിഭൂഷൺ ജേതാവുമായ ഉമയാൾപുരം കാശിവിശ്വനാഥ ശിവരാമന്റെ കർണാടക താളവാദ്യവും ഭരതനാട്യവും.
മേയ് 5: സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ‘അഗ്നി 3’ എന്ന സംഗീത സ്റ്റേജ് ഷോ.
മേയ് 6: പ്രതിഭാധനനായ ബഹ്റൈൻ കലാകാരനായ ഫൈസൽ അൽ കൂഹി ജിയുടെ അറബിക് ഇൻസ്ട്രുമെന്റൽ, വോക്കൽ പ്രകടനം.
മേയ് 7: അച്ഛൻ-മകൾ ജോടികളായ പി. ഉണ്ണികൃഷ്ണനും ഉത്തര ഉണ്ണികൃഷ്ണനും ചേർന്ന് നടത്തുന്ന കർണാടക ക്ലാസിക്കൽ, സെമി ക്ലാസിക്കൽ സംഗീതനിശ
മേയ് 8: വിജയ് യേശുദാസിന്റെ സെമി-ക്ലാസിക്കൽ/കർണാട്ടിക് കച്ചേരി.
മേയ് 9: മോഹിനിയാട്ടത്തിൽ വിദ്യാ പ്രദീപും അനിതയും, ഭരതനാട്യത്തിൽ പ്രിയദർശിനി ഗോവിന്ദും വിദ്യാ സുബ്രഹ്മണ്യനും അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ.
മേയ് 10: വിദ്വാൻ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ കർണാടക ക്ലാസിക്കൽ വയലിൻ പാരായണം
ലോകോത്തര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ആസ്വദിക്കാൻ എല്ലാവരും പരിപാടി ദിവസങ്ങളിൽ കൃത്യം 7.30 നു തന്നെ എത്തണമെന്നും കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അഭ്യർഥിച്ചു.