ഗുജറാത്തിലെ ട്യൂഷന്‍ സെന്‍ററിന് തീപിടിച്ച് 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

സൂറത്ത്: ഗുജറാത്ത് സൂറത്തിൽ പ്രവർത്തിക്കുന്ന ട്യൂഷന്‍ സെന്‍ററിൽ ഉണ്ടായ വൻ തീപിടുത്തത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മരിച്ചതിൽ 16 പേരും പെൺകുട്ടികളാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിൽ തീ ആളിപടർന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ തീപിടിച്ച കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു.

കോച്ചിങ് സെന്‍ററിലെ എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഗ്നിശമന സേനയുടെ 18 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ട്യൂഷന്‍ സെന്‍ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു.