മനാമ: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കിഴിലുള്ള മലയാളം മിഷൻ ബഹ്‌റൈൻ മേഖലയിലെ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ ക്ലാസ്സുകളുടെ പഠനോത്സവം 2019 മെയ് 24ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതൽ വൈകിട്ട് 3 മണിവരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്നതായി സമാജം പ്രസിഡന്റ് .പി.വി. രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം പാഠശാല, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ എന്നീ കേന്ദ്രങ്ങളിലെ കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത് . മലയാളം മിഷൻ ഡയറക്റ്റർ പ്രൊ .സുജ സൂസൻ ജോർജ് , രജിസ്ട്രാർ ഡോ .സേതു മാധവൻ .എം , ഭാഷാധ്യാപകന്‍ ശശി എം.ടി. എന്നിവർ വിഡിയോ കോൺഫറൻസിലൂടെയും വ്യക്തിപരമായും നല്കിയ നിർദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നാൽപ്പതോളം അധ്യാപകരുടെയും ഇരുപതോളം സന്നദ്ധപ്രവർത്തകരുടെയും ആത്മാർഥമായ സഹരണവും പ്രവർത്തനങ്ങളും പഠനോത്സവത്തെ മികച്ചതാക്കി.
പഠനോത്സവത്തിന്റെ തലേ ദിവസം(വ്യാഴാഴ്ച ) അധ്യാപകർക്കുള്ള നിർദേശങ്ങൾ നൽകിയിരുന്നു . വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുട്ടികൾ സമാജത്തിൽ എത്തി. പരീക്ഷകേന്ദ്രം തോരണങ്ങളാലും വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ബലൂണുകൾ കൊണ്ടും മുത്തുക്കുടകൾ കൊണ്ടും അലങ്കരിച്ച് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പാoശാലാ വിദ്യാർത്ഥികൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെയായിരുന്നു ഉത്സവ പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സമാജം പ്രസിഡന്റും മിഷൻ ബഹ്റൈൻ ഘടകത്തിന്റെ ചെയർമാനുമായ ശ്രീ.പി.വി. രാധാകൃഷ്ണ പിള്ള ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
കുട്ടികൾ പാടിയ നാടൻ പാട്ടുകളും കവിതകളും ആർപ്പുവിളികളും കൂടിച്ചേർന്ന് ഉദ്ഘാടനം അവസാനിപ്പിച്ചു. സഹിതവിഭാഗം സെക്രട്ടറിയും പാഠശാല കോർഡിനേറ്ററുമായ ബിജു .എം.സതീഷ് , പാഠശാല കൺവീനർ നന്ദകുമാർ, സുധി പുത്തൻ വേലിക്കര, മിഷ നന്ദകുമാർ എന്നിവർ പഠനോത്സവത്തിനു നേതൃത്വം നൽകി. കേരളത്തിലെ 14 ജില്ലകളുടെ പേരിന്റെ അടിസ്ഥാനത്തിൽ ക്‌ളാസ് മുറികളെ തരം തിരിച്ചു. ഉദ്‌ഘാടനവും മറ്റും തിരുവന്തപുരം ജില്ലയിലും തുടർന്ന് കണിക്കൊന്നക്ക് വേണ്ടി കൊല്ലം മുതൽ മലപ്പുറം വരെ 9 ക്‌ളാസുകളും സൂര്യകാന്തിക്ക് കോഴിക്കോട് മുതൽ കണ്ണൂർ വരെ 3 ക്‌ളാസുകളും ആമ്പലിന് കാസർകോടും നൽകി. ഓരോ ജില്ലാ ക്‌ളാസുകളിലും 20 കുട്ടികളെ വീതം ഇരുത്തി. കൂട്ടപ്പാട്ടുകളും ചെണ്ടമേളവും വര്‍ണ്ണബലൂണുകളുമായി നടന്ന പഠനോത്സവം അക്ഷരാര്‍ഥത്തില്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടി. കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു പഠനോത്സവ സംഘാടനം.
ഉത്സവാന്തരീക്ഷത്തില്‍ എങ്ങനെയെല്ലാം ‘പരീക്ഷ’ നടത്താമെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. ആറു പ്രവർത്തനങ്ങളും അധ്യാപകരുടെ നിർദേശങ്ങൾക്കനുസരിച്ച് ഓരോ പ്രവർത്തനങ്ങൾക്കു മുൻപ് കഥകൾ പറഞ്ഞും കവിതകൾ പാടിയും വിവരണങ്ങൾ നൽകിയും വഞ്ചിപ്പാട്ടുകൾക്കൊപ്പം തോണി തുഴഞ്ഞും രസകരവും ആനന്ദകരവും ആയ രീതിയിൽ എല്ലാ പഠന പ്രവർത്തനങ്ങളും പൂർത്തിയാക്കി എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് തിരിച്ചു വീടുകളിലേക്ക് കുട്ടികൾ മടങ്ങി.