മനാമ: ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ മാമാങ്കമായ കേരളോത്സവസത്തിന് പുതിയ ലോഗോ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ലോഗോ ഡിസൈൻ മത്സര വിജയിയെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 ന് വെള്ളിയാഴ്ച നടന്ന ഓണാഘോഷ പരിപാടികൾക്കിടയിലാണ് മത്സര വിജയിയെ പ്രഖ്യാപിച്ചത്. സമാജം പ്രസിഡന്റ് ലോഗോ അനാവരണം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരളോത്സവം 2024 എക്സ് ഒഫീഷ്യോ വിനയചന്ദ്രൻ നായർ, മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, കേരളോത്സവം 2024 ജനറൽ കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില, ജോയിന്റ് കൺവീനർമാരായ വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ സന്നിഹിതരായിരുന്നു.
ആവേശകരമായ പ്രതികരണം ലഭിച്ച മത്സരത്തിൽ, വിവിധ രാജ്യങ്ങളിലുള്ള മലയാളികളിൽ നിന്നും അൻപത്തൊന്നു എൻട്രികളാണ് ലഭിച്ചത്. സന്തോഷ് കൂനൻ, സഞ്ജയ് കൂനൻ എന്നിവർ വിധികർത്താക്കളായ വിദഗ്ധ പാനലാണ് കേരളോത്സവത്തിന്റെ അന്തസത്ത ഉൾകൊള്ളുന്ന മികച്ച ലോഗോ തിരഞ്ഞെടുത്തത്. കോഴിക്കോട് കല്ലായി സ്വദേശിയും 30 വർഷത്തോളമായി ബഹ്‌റൈനിൽ ആർട് ആൻഡ് ഗ്രാഫിക് ഡിസൈനിങ് രംഗത്ത് ജോലിചെയ്യുന്ന വ്യക്തിയുമായ സമീർ കെ. പിയാണ് മത്സര വിജയി. വിജയിക്ക് സമ്മാനത്തുകയായ 150 അമേരിക്കൻ ഡോളർ കേരളോത്സവ വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന കേരളോത്സവ പരിപാടികൾ നവംബർ മാസത്തിൽ ആരംഭിക്കാനാണ് പദ്ധതി.