മനാമ: അധാർമികതകൾ അരങ്ങ് വാഴുന്ന വർത്തമാനകാലത്ത് പുതുതലമുറയിൽ സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഒരു ഉത്തമ സമൂഹസൃഷ്ടിപ്പ് സാധ്യമാവുകയുള്ളൂവെന്നും അത്തരം യുവാക്കൾ നാടിന്റെയും സമൂഹത്തിന്റെയും വില മതിക്കാനാവാത്ത സമ്പത്താണെന്നും എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ പ്രസ്താവിച്ചു. പ്രവാസ ലോകത്തെ മത സാമൂഹിക സംസ്കാരിക രംഗത്ത് രണ്ട് പതിറ്റാണ്ട് കാലമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ പ്രമുഖ പ്രഭാഷകനും കുറ്റ്യാടി സിറാജുൽ ഹുദാ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ കൂടിയായ റാശിദ് ബുഖാരിക്ക് സൽമാബാദ് അൽ ഹിലാൽ കമ്യൂണിറ്റി ഹാളിൽ രിസാല സ്റ്റഡി സർക്കിൾ ( ആർ.എസ്.സി) ബഹ്റൈൻ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആർ. എസ്. സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂരിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ അഡ്മിൻ സിക്രട്ടറി റഫീക്ക് മാസ്റ്റർ നരിപ്പറ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ സഖാഫി, ഷാഫി വെളിയങ്കോട്, അബുൾസലാം കോട്ടക്കൽ , അബ്ദുള്ള രണ്ടത്താണി എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഐ.സി. എഫ്. നാഷനൽ പബ്ലിക്കേഷൻ പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാർ വയനാട്, വി.പി.കെ.അബൂബക്കർ ഹാജി, ആർ.എസ്.സി. ഗൾഫ് കൗൺസിൽ എക്സിക്യുട്ടീവ് അൻവർ സലീം സഅദി, അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിൻ അസീം, സിറാജുൽഹുദാ ബഹ്റൈൻ കമ്മിറ്റി സെക്രട്ടറി കെ.എം. മൊയ്തു ഹാജി, ആർ.എസ്. സി ജനറൽ കൺവീനർ വി.പി.കെ മുഹമ്മദ്, കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.