മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോണ്‍ഗ്രസ് യുവജന കൂട്ടായ്മ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഐ.വൈ.സി.സി- ബഹ്റൈന്‍) പത്താമത് യൂത്ത് ഫെസ്റ്റ് ജൂണ്‍ 27 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 2013 മാര്‍ച്ച് 15 ന് രൂപം കൊണ്ട സംഘടന ഗള്‍ഫ് മേഖലയിലും നാട്ടിലും ജീവകാരുണ്യ, ആതുര സേവന, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമാണ്.
കേരളത്തില്‍ നിന്നുള്ള യുവ ഗായകന്‍ ഹനാന്‍ ഷായുടെ സംഗീതനിശ പരിപാടിക്ക് മാറ്റുകൂട്ടും. ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും സാംസ്‌കാരിക സദസും നടക്കും. കേരളത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ധീര രക്തസാക്ഷി ഷുഹൈബിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഷുഹൈബ് മിത്ര പുരസ്‌കാരം വേദിയില്‍ വെച്ച് ഗള്‍ഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകന് സമ്മാനിക്കും. അവര്‍ഡിന് അര്‍ഹനായ വ്യക്തിയെ ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി കലാജാഥ സംഘടിപ്പിക്കും. യുവ ജനങ്ങളെ വിഴുങ്ങുന്ന ലഹരിക്ക് എതിരെയുള്ള ബോധവത്കരണവും അതിനെതിരെയുള്ള അവബോധവും സൃഷ്ടിക്കുന്നതിനായി ലഘു നാടകം കലാ ജാഥയുടെ ഭാഗമായി സംഘടനയുടെ 9 ഏരിയകളിലും അതാത് പ്രദേശങ്ങളിലെ ഐ.വൈ.സി.സി ഏരിയ ഭാരവാഹികളുടെ നേതൃത്വത്തിലും യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മറ്റിയുടെ ആഭിമുഖ്യത്തിലും നടത്തും.
അതാത് ഏരിയകളിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകരും, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പൊതു സമൂഹത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട ആളുകളുടെ മുന്നിലാകും ചെറു നാടകം അവതരിപ്പിക്കുക. കെ.പി.സി.സി കലാവിഭാഗമായ കലാസാഹിതി രചനയും, തിരക്കഥയും എഴുതിയ നാടകമാണ് അവതരിപ്പിക്കുക. കലാസാഹിതിയുടെ നാടകം ആദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത് അവതരിപ്പിക്കുന്നത്
ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, സബ് കമ്മറ്റി കണ്‍വീനര്‍മാരായ ഫാസില്‍ വട്ടോളി, അന്‍സാര്‍ താഴ, മുഹമ്മദ് ജസീല്‍, നിധീഷ് ചന്ദ്രന്‍, ജയഫര്‍ വെള്ളേങ്ങര എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ റിച്ചി കളത്തൂരേത്ത്, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ സ്റ്റെഫി സാബു എന്നിവര്‍ നേതൃത്വം നല്‍കി.