മനാമ: സല്‍മാബാദിലെ ഗള്‍ഫ് എയര്‍ ക്ലബ് ഓഡിറ്റോറിയത്തിലെ നിറഞ്ഞുകവിഞ്ഞ ജന പങ്കാളിത്തത്തോടെ ബഹ്റൈന്‍ പ്രതിഭ റിഫ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘അരങ്ങ് 2025’ ന് സമാപനം. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, ഷീബ രാജീവന്‍, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍ എന്നിവര്‍ സമാപന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല പ്രസിഡന്റ് ഷിജു പിണറായി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മഹേഷ് കെവി സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജയേഷ് കെവി നന്ദിയും രേഖപ്പെടുത്തി.
തുടര്‍ന്ന് മേഖലയിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റ് നയിച്ച സംഗീത നിശയും അരങ്ങേറി. റിഫ മേഖല കമ്മിറ്റിക്ക് കീഴിലെ ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനുവരി മുതല്‍ അഞ്ച് മാസത്തോളം നീണ്ടുനിന്ന ‘അരങ്ങ് 2025’ ഗ്രാന്‍ഡ്ഫിനാലെ പങ്കാളിത്തം കൊണ്ട് വിജയിപ്പിച്ച ബഹ്റൈനിലെ മുഴുവന്‍ കലാസ്‌നേഹികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു.