ബഹ്‌റൈനിൽ മധ്യാഹ്ന തൊഴില്‍ നിയന്ത്രണം നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു

മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് കാരണം ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ ഏര്‍പ്പെടുത്തിയ മധ്യാഹ്ന തൊഴില്‍ നിയന്ത്രണം നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. തൊഴിൽ നിയന്ത്രണം ജൂൺ 15 മുതൽ സെപ്തംബര്‍ 15 വരെയായി മാറ്റണമെന്ന് വിവിധ തലങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജൂണ്‍ പകുതിയോടെ ആരംഭിക്കുന്ന ചൂട് സെപ്തംബര്‍ പകുതി വരെ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ ആവിശ്യം ഉയർന്നുവന്നത്.

ജൂണ്‍ മാസത്തിലും രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാലാണ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി മധ്യാഹ്ന തൊഴില്‍ നിയന്ത്രണം നീട്ടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ഇപ്പോള്‍ത്തന്നെ ചില ദിവസങ്ങളില്‍ ചൂട് അടയാളപ്പെടുത്തുന്നത് 45 ഡിഗ്രിയിലേറെയാണ്. കുറഞ്ഞ പക്ഷം ജൂണ്‍ 15 മുതലെങ്കിലും നിയന്ത്രണം പ്രാബല്യത്തിലാക്കണമെന്നാണ് നിര്‍ദ്ദേശം. വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് രാജ്യത്തെ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു.

ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് പുറത്തെ തൊഴിലിടങ്ങളില്‍ 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍ ഇത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാക്കണമെന്ന് ബഹ്‌റൈന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി സൊസൈറ്റി ഭാരവാഹികൾ കഴിഞ്ഞ വര്‍ഷം തൊഴില്‍ മന്ത്രാലയത്തോട് ആവശ്യം ഉന്നയിച്ചിരുന്നു. മധ്യാഹ്ന തൊഴില്‍ നിയന്ത്രണ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴ ചുമത്തും. എല്ലാ വര്‍ഷവും വിവിധ സൈറ്റുകളില്‍ അധികൃതര്‍ പരിശോധന നടത്താറുമുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു. 2007-ലാണ് ബഹ്‌റൈനിൽ തൊഴില്‍ നിയന്ത്രണം ആദ്യമായി നടപ്പിലാക്കിയത്.