മനാമ: കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) നേടിയ ഉജ്ജ്വല വിജയം ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ ആവേശപൂര്‍വ്വം ആഘോഷിച്ചു. ദേശീയ കമ്മിറ്റിയുടെയും, മനാമ, മുഹറഖ്, ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ബഹ്റൈനിലെ വിവിധ മേഖലകളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചത്.
ഐവൈസിസി മുഹറഖ് ഏരിയയും കെഎംസിസി മുഹറഖ് ഏരിയയും സംയുക്തമായി നടത്തിയ വിജയാഘോഷവും ശ്രദ്ധേയമായി. ഐവൈസിസി ബഹ്റൈന്‍ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ ഈ വന്‍ വിജയം, കേരളത്തില്‍ രൂപപ്പെട്ട സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ വ്യക്തമായ സൂചനയാണെന്ന് ഐവൈസിസി ബഹ്റൈന്‍ പ്രസ്താവിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം, മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി, റാസിബ് വേളം, മണികണ്ഠന്‍ ചന്ദ്രോത്ത്, വിജയന്‍ ടിപി, ജയഫര്‍ അലി വെള്ളേങ്ങര, ശരത് കണ്ണൂര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഈ വിജയം യുഡിഎഫിന്റെ മതേതര ജനാധിപത്യ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണ്ണയിക്കുന്ന ഒന്നാണിതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.









