സാജന്റെ ആത്മഹത്യ ആശങ്കാജനകം; ‘പവിഴദീപിലെ കോഴിക്കോട്ടുകാർ’ എക്സിക്യൂട്ടീവ് യോഗം ദുഃഖവും നടുക്കവും രേഖപ്പെടുത്തി

മനാമ: കണ്ണൂരിലെ പ്രവാസി സംരംഭകനായിരുന്ന സാജന്റെ ആത്മഹത്യയിൽ ‘പവിഴദീപിലെ കോഴിക്കോട്ടുകാർ’ എക്സിക്യൂട്ടീവ് യോഗം ദുഃഖവും നടുക്കവും രേഖപ്പെടുത്തി. മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ പ്രവാസികളോടുള്ള അവഗണനയുടെ രക്തസാക്ഷിയാണ് സാജൻ എന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനു മുൻപു കൊല്ലം ജില്ലയിൽ സുഗതൻ എന്ന പ്രവാസിക്കും സമാന സംഭവത്തിൽ ജീവൻ ഒടുക്കേണ്ടി വന്നിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിൽ വരുന്ന ഒരു സാധാരണ പ്രവാസിക്ക് ഒരുപാട് ദിവസങ്ങൾ സർക്കാർ ഓഫീസുകൾ കയറി ഇറങേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.

രാഷ്ട്രീയ പാർട്ടികൾക്കും, സർക്കാറുകൾക്കും പ്രവാസി ഒരു കറവ പശു മാത്രമാണ്. ചുവപ്പ് നാടയിൽ കുരുക്കി പ്രവാസികളെ വട്ടം കറക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ക്രൂര വിനോദമാണ്. ഇനിയും നമ്മുടെ ഇടയിൽ നിന്നും ഒരു സാജനോ, സുഗതനോ ഉണ്ടാവാതിരിക്കാൻ നോർക്കയും, പ്രവാസി സംഘടനകളും ജാഗ്രത കാണിക്കണമെന്നും, സമാനമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള പ്രവാസികൾക്ക് എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെങ്കിൽ നിയമ സഹായം അടക്കം സാധ്യമായ എല്ലാ സഹായവും ചെയ്യുവാൻ *പവിഴദ്വീപിലെ കോഴിക്കോട്ടുകാർ* സന്നദ്ധമാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.