മനാമ: കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയ കേസില്‍ അഞ്ച് പേരെ സെക്കന്‍ഡ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. കമ്പനി ഉടമയ്ക്ക് 1,03,000 ദിനാര്‍ പിഴ ചുമത്തി. കേസില്‍ പ്രതികളായ നാല് ഏഷ്യന്‍ തൊഴിലാളികള്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷാ കാലാവധിക്ക് ശേഷം സ്ഥിരമായ നാടുകടത്തലുമാണ് കോടതി വിധിച്ചത്.
കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കാനും ഇവ തയ്യാറാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു. രണ്ട് വെയര്‍ഹൗസുകള്‍ ആറ് മാസത്തേക്ക് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ടു. വിധി പകര്‍പ്പ് പ്രസിദ്ധീകരിക്കുന്നതിനുള്ള ചിലവ് പ്രതികള്‍ വഹിക്കണം.
കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗ് മാറ്റുക, കാലാവധി തീര്‍ന്ന തീയതികളില്‍ തിരുത്തല്‍ വരുത്തുക, ലൈസന്‍സില്ലാതെ സാധനങ്ങള്‍ വില്‍ക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്.
ഹമദ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തീയതി മാറ്റിയ ഉല്‍പ്പന്നങ്ങള്‍ വെയര്‍ഹൗസില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ വെയര്‍ഹൗസും കണ്ടെത്തി.
പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വെയര്‍ഹൗസുകള്‍ സീല്‍ ചെയ്യുകയും ചെയ്തു. വിപണിയിലെത്തിയ കേടുവന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച ശേഷമാണ് കേസ് കോടതിക്ക് കൈമാറിയത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.









