സൗദി തലസ്ഥാനമായ റിയാദിലെ അൽ ഖർജ് ഹൈപ്പർ മാർക്കറ്റ് ഇന്നലെ പ്രവർത്തനമാരംഭിച്ചതോടുകൂടി ഒരു പ്രധാന നാഴികകല്ല് പിന്നിട്ടതായും എം എ യൂസഫലി അറിയിച്ചു. 22 രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിലെ മൊത്തം ജീവനക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇതിൽ 26,480 മലയാളികൾ ഉൾപ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ് എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതോടു കുടി കൂടുതൽ മലയാളികൾക്ക് ജോലി നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു
ലുലു ഗ്രൂപ്പിന്റെ 158 മതും, സൗദി അറേബ്യയിലെ പതിനഞ്ചാമതും ഹൈപ്പർ മാർക്കറ്റാണ് റിയാദിനടുത്തുള്ള അൽ ഖർജിൽ പ്രവർത്തനമാരംഭിച്ചത്. അൽ ഖർജ് ഗവർണർ മുസാബ് അബ്ദുള്ള അൽ മാദിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തത്. അൽ ഖർജ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഒരു ലക്ഷത്തി പതിനാറായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ സുഖകരമായ ഷോപ്പിംഗ് അനുഭവത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.
മുമ്പ് പ്രഖ്യാപിച്ച പോലെ സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിച്ച് പ്രവർത്തനം കൂടുതൽ വ്യാപകമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. സൗദിയിലെ പതിനഞ്ചാമത്തെ ഹൈപ്പർമാർക്കറ്റ് ആണിത്. മൂന്ന് മാസത്തിനുള്ളിൽ ദമ്മാം, റിയാദ് എന്നിവിടങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും.
ഇത് കൂടാതെ സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡ് ക്യാമ്പുകളിലെ 3 സൂപ്പർ മാർക്കറ്റുകൾ അടുത്ത വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ഭരണാധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച പിന്തുണയിൽ നന്ദിയുണ്ടെന്നും യൂസുഫലി പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ മൂവായിരത്തോളം സ്വദേശികൾക്ക് സൗദിയിൽ ഇതിനകം തൊഴിൽ നൽകാൻ സാധിച്ചിട്ടുണ്ട്. 2020 അവസാനമാകുമ്പോൾ സ്വദേശികളുടെ എണ്ണം അയ്യായിരം ആക്കാനാണ് ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു
ലുലു ഗ്രൂപ്പ് സി.ഇ.ഒ .സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, സി.ഒ.ഒ. സലിം വി. ഐ, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് എന്നിവരും സംബന്ധിച്ചു.