മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ജാബർ ഹൈവേയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് മാരകമായ അപകടമുണ്ടാക്കിയ മുപ്പതുകാരനായ ഏഷ്യൻ വംശജന്റെ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. വിചാരണയുടെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിക്കുകയും കോടതിയുടെ കാരുണ്യം അഭ്യർത്ഥിക്കുകയും ചെയ്തു.
2026 ഏപ്രിൽ 3 വെള്ളിയാഴ്ച പുലർച്ചെ 2:25 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അനുവദനീയമായ പരിധിയിലും 30 ശതമാനത്തിലധികം വേഗതയിൽ (മണിക്കൂറിൽ 110 കിലോമീറ്റർ) വാഹനമോടിച്ച പ്രതി ട്രാഫിക് സിഗ്നൽ ലംഘിച്ച് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ ഒരു ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സിവിൽ ഡിഫൻസ് സംഘമെത്തി തകർന്ന വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുള്ള കൊലപാതകം, മദ്യപിച്ച് വാഹനമോടിക്കൽ, ട്രാഫിക് നിയമലംഘനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് ഫയലുകൾ പഠിക്കാൻ പ്രതിഭാഗത്തിന് സമയം അനുവദിച്ച കോടതി, വിചാരണ ഏപ്രിൽ 27-ലേക്ക് മാറ്റി വെച്ചു.









