മനാമ: പന്ത്രണ്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് മൂന്ന് മാസം മുൻപ് നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. വടക്കാഞ്ചേരി വാഴാനി സ്വദേശി കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ (31) ആണ് മരിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് അഖിൽ ബഹ്‌റൈനിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോയത്. ഇന്നലെ രാത്രി 9:15-ഓടെ ഓട്ടുപാറ – വാഴാനി റോഡിൽ എങ്കക്കാട് കയറ്റത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഖിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ അഖിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലം ബഹ്‌റൈനിലുണ്ടായിരുന്ന അഖിലിന്റെ ആകസ്മിക വിയോഗം പ്രവാസി സുഹൃത്തുക്കൾക്കിടയിലും നാട്ടിലും വലിയ നോവായി മാറി.









