small icons
small icons

കാമ്പെയ്നുകള്‍ക്കിടയിലും കൊതുക് ശല്യം രൂക്ഷം; അടിയന്തര നടപടി ആവശ്യപ്പെട്ട് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍

mosquito

മനാമ: ബഹ്റൈനില്‍ സമീപകാലത്തുണ്ടായ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നത് ജനജീവിതത്തിന് വലിയ ഭീഷണിയാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊതുകുശല്യം അസ്വാഭാവികമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന പ്രമേയം നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കി.

മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന് ഔദ്യോഗികമായി കൈമാറിയ ഈ ശുപാര്‍ശയില്‍ ബന്ധപ്പെട്ട അധികൃതര്‍ ഉടനടി ഇടപെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ അബ്ദുള്ള ആശൂറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

അതേസമയം, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി മുനിസിപ്പല്‍ കാര്യ കായിക മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കെട്ടിക്കിടക്കുന്ന മഴവെള്ളം നീക്കം ചെയ്യുന്നതിനും കൊതുക് നശീകരണത്തിനുമുള്ള തീവ്രമായ കാമ്പെയ്നുകള്‍ തുടരുകയാണ്. പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊതുക് ശല്യത്തെക്കുറിച്ച് താമസക്കാരില്‍ നിന്നുള്ള പരാതികള്‍ കുത്തനെ വര്‍ധിച്ചതായി അബ്ദുള്ള ആശൂര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ കൊതുകുകളുടെ ശല്യം സഹിക്കാനാവാത്ത അവസ്ഥയിലാണ്.

നിലവില്‍ കൊതുകുശല്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഹോട്ട്ലൈന്‍ സേവനം ഉച്ചയ്ക്ക് 3 മണിക്ക് അവസാനിക്കുന്നത് വലിയ പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിഭാഗം പരാതികളും സൂര്യാസ്തമയത്തിന് ശേഷമാണ് ഉണ്ടാകുന്നത് എന്നതിനാല്‍, ഹോട്ട്ലൈന്‍ സമയം നീട്ടുകയോ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുകയോ വേണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

താപനില ഉയരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് കൗണ്‍സിലര്‍ ബസീം അബു ഇദ്രീസും ഡോ. സല്‍മാന്‍ അബ്ദുള്ളയും മുന്നറിയിപ്പ് നല്‍കി. കൊതുക് നശീകരണ മരുന്ന് തളിക്കുന്നത് കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും, ശരിയായ ഡ്രെയിനേജ് സംവിധാനവും പരിസ്ഥിതി ശുചിത്വവും ഉറപ്പാക്കണമെന്നും കൗണ്‍സില്‍ സാങ്കേതിക സമിതി അധ്യക്ഷന്‍ ജാസിം ഹജ്റെസ് പറഞ്ഞു.

കൊതുക് ശല്യത്തെക്കുറിച്ച് പരാതികളുള്ളവര്‍ക്ക് 80008100 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ ദേശീയ പരാതി പരിഹാര സംവിധാനമായ ‘തവാസുല്‍’ ആപ്പ് വഴിയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!