മനാമ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മനുഷ്യക്കടത്തിലൂടെ രാജ്യത്തെത്തിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ച ഏഷ്യന്‍ സ്വദേശിനിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിനെതിരെയുള്ള ബഹ്റൈന്റെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം നല്‍കുന്ന വിവരമനുസരിച്ച്, പ്രതി 17 വയസ്സുള്ള പെണ്‍കുട്ടിയെ വിദേശത്തുനിന്ന് കൊണ്ടുവരികയും പൊതു സദാചാരത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ അധികൃതര്‍ നടപടി സ്വീകരിച്ചു. തീവ്രമായ അന്വേഷണങ്ങള്‍ക്കും തിരച്ചിലിനുമൊടുവില്‍ പ്രതിയെ തിരിച്ചറിയുകയും വേഗത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവില്‍ നിയമനടപടികള്‍ ആരംഭിച്ചതായും കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.









