മനാമ: നിലവിലെ പ്രാദേശികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തൊഴില്‍ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സ്വദേശികള്‍ക്ക് വേഗത്തില്‍ ജോലി ഉറപ്പാക്കുന്നതിനുമായി രണ്ട് അടിയന്തര പ്രമേയങ്ങള്‍ എംപിമാര്‍ അംഗീകരിച്ചു.
ഉയര്‍ന്ന ശമ്പളമുള്ളതും സ്വദേശിവല്‍ക്കരിക്കാന്‍ സാധിക്കുന്നതുമായ തസ്തികകളില്‍ വിദേശികളെ മാറ്റി പകരം യോഗ്യരായ ബഹ്റൈന്‍ പൗരന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നതാണ് ഒന്നാമത്തെ പ്രമേയം. എന്നിരുന്നാലും, തിരിച്ചറിയേണ്ട തൊഴിലുകളോ റോളുകളോ എംപിമാര്‍ വ്യക്തമാക്കിയിട്ടില്ല.
തൊഴില്‍, നിയമകാര്യ മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) തംകീന്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനായി പ്രത്യേക പാക്കേജ് രൂപീകരിക്കണം. വിദേശി ജീവനക്കാരേ മാറ്റി സ്വദേശിയെ നിയമിക്കുമ്പോള്‍ തൊഴിലുടമയ്ക്കുണ്ടാകുന്ന അധിക ചിലവ് ഈ പാക്കേജിലൂടെ നികത്തും.
ഇതൊരു സാധാരണ തൊഴില്‍ സബ്സിഡിയല്ലെന്നും, ഒരു വിദേശിക്ക് പകരം സ്വദേശി നിയമിക്കപ്പെടുമ്പോള്‍ മാത്രം നല്‍കുന്ന സഹായമാണെന്നും എംപി ഡോ. മുനീര്‍ സുറൂര്‍ വ്യക്തമാക്കി. ബിസിനസുകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും അതേസമയം പൗരന്മാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ സന്നദ്ധസേവനത്തിന് രജിസ്റ്റര്‍ ചെയ്യുകയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ മുന്‍ഗണന നല്‍കണമെന്നതാണ് രണ്ടാമത്തെ പ്രമേയം. വൊളന്റിയര്‍മാരുടെ സേവനം ഔദ്യോഗിക പ്രവൃത്തിപരിചയമായി അംഗീകരിക്കണം. അവര്‍ സേവനമനുഷ്ഠിച്ച ആരോഗ്യ മേഖല, ലോജിസ്റ്റിക്‌സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ സ്ഥിരം നിയമനത്തിന് മുന്‍ഗണന നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിഫലം ഇല്ലാതെ രാജ്യത്തെ സേവിച്ചവരുടെ കഴിവും അച്ചടക്കവും ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും അവരെ സ്ഥിരം തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും എംപി മുഹമ്മദ് അല്‍ ഒലൈവി പറഞ്ഞു. ദേശീയ വോളണ്ടിയര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് തൊഴിലന്വേഷകരെ തിരിച്ചറിയാനും അവരുടെ പ്രകടനം വിലയിരുത്താനും അവര്‍ക്ക് സ്ഥിരമായ ജോലികള്‍ക്കായി തയ്യാറെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലനം നല്‍കാനും പ്രമേയം നിര്‍ദ്ദേശിക്കുന്നു.
അടിയന്തര പ്രമേയങ്ങളായി പാസാക്കിയ ഈ രണ്ട് നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിനുള്ള രീതികള്‍ പഠിക്കാനായി മന്ത്രിസഭയ്ക്ക് കൈമാറി. തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാജ്യത്തിനൊപ്പം നിന്ന പൗരന്മാരെ സഹായിക്കുന്നതിനും ഈ നടപടികള്‍ വലിയ പങ്കുവഹിക്കുമെന്ന് എംപിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.









