small icons
small icons

തടവുകാരെ സ്വന്തം രാജ്യത്തേക്ക് കൈമാറുന്ന കരാര്‍: ബഹ്റൈന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും

jail women

മനാമ: ബഹ്റൈനിലും പാകിസ്ഥാനിലും വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ ബാക്കി ശിക്ഷാ കാലാവധി സ്വന്തം രാജ്യത്തെ ജയിലുകളില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന കരാര്‍ ചൊവ്വാഴ്ച ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര സഹകരണത്തിലും നീതിനിര്‍വ്വഹണത്തിലും ബഹ്റൈനുള്ള പ്രതിബദ്ധതയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ എം.പി ഹസന്‍ ബുഖമ്മാസ് പറഞ്ഞു.

‘നിയമപരമായ നിബന്ധനകള്‍ക്ക് വിധേയമായി തടവുകാര്‍ക്ക് അവരുടെ സ്വന്തം രാജ്യങ്ങളില്‍ ശിക്ഷ അനുഭവിക്കാനുള്ള വ്യക്തമായ നിയമചട്ടക്കൂടാണ് ഈ കരാര്‍ ഒരുക്കുന്നത്. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെയും നിയമസംവിധാനങ്ങളെയും പൂര്‍ണ്ണമായി ബഹുമാനിച്ചുകൊണ്ട് തന്നെ തടവുകാരുടെ പുനരധിവാസത്തിന് ഇത് മികച്ച അവസരം നല്‍കുന്നു,’ അദ്ദേഹം വ്യക്തമാക്കി.

22 അനുച്ഛേദങ്ങള്‍ അടങ്ങിയ ഈ കരാറില്‍ തടവുകാരെ കൈമാറുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ശിക്ഷിക്കപ്പെട്ട വ്യക്തിക്കോ അവരുടെ നിയമപ്രതിനിധിക്കോ കൈമാറ്റത്തിനായി അപേക്ഷിക്കാം. കോടതിയുടെ അന്തിമ വിധി വന്ന കേസുകള്‍ മാത്രമായിരിക്കും പരിഗണിക്കുക. കൂടാതെ, തടവുകാരന്റെ സ്വമേധയായുള്ള സമ്മതവും ഇരുരാജ്യങ്ങളുടെയും അംഗീകാരവും നിര്‍ബന്ധമാണ്.

തടവുകാരെ സ്വീകരിക്കുന്ന രാജ്യം അവരുടെ നിയമങ്ങള്‍ക്കനുസൃതമായി ശിക്ഷാ കാലാവധി തുടരുന്നുവെന്ന് ഉറപ്പാക്കണം. കൈമാറ്റവുമായി ബന്ധപ്പെട്ട ചെലവുകള്‍ തടവുകാരനെ സ്വീകരിക്കുന്ന രാജ്യം വഹിക്കണം. എന്നാല്‍ ശിക്ഷാ വിധി നല്‍കിയ രാജ്യത്തിനകത്തെ ചെലവുകള്‍ ആ രാജ്യം തന്നെ വഹിക്കും.

ശിക്ഷാ കാലാവധി പൂര്‍ത്തിയാകുക, തടവ് ചാടുകയോ അല്ലെങ്കില്‍ ശിക്ഷാ കാലാവധിയില്‍ മാറ്റം വരികയോ ചെയ്താല്‍ അത് നയതന്ത്ര ചാനലുകള്‍ വഴി ഇരുരാജ്യങ്ങളെയും അറിയിക്കാനുള്ള സംവിധാനവും കരാറിലുണ്ട്. മാപ്പ് നല്‍കുന്നതോ ശിക്ഷ കുറയ്ക്കുന്നതോ ആയ കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനിക്കൂ.

ഈ കരാര്‍ ബഹ്റൈന് അധിക സാമ്പത്തിക ബാധ്യത വരുത്തില്ലെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കും ഭരണഘടനാ വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് ഈ നീക്കമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും വ്യക്തമാക്കി.

തടവുകാര്‍ക്ക് സ്വന്തം കുടുംബാംഗങ്ങള്‍ക്ക് അടുത്തായി ശിക്ഷ അനുഭവിക്കാന്‍ കഴിയുന്നത് അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും കുറ്റകൃത്യങ്ങളില്‍ നിന്ന് മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സഹായിക്കുമെന്ന് ഹസന്‍ ബുഖമ്മാസ് ചൂണ്ടിക്കാട്ടി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!