മനാമ: പ്രവാസി സമൂഹത്തിന് നിയമ അവബോധവും വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ (PLC) ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച “കണക്റ്റിംഗ് പീപ്പിൾ – 7-ാം പതിപ്പ്” വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. സെഗയ്യയിലെ ബഹ്റൈൻ മീഡിയ സിറ്റി (BMC) ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി.
പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പ്രോഗ്രാമിലേക്ക് മുഹമ്മദ് സലീം സ്വാഗതം ആശംസിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിയിച്ച് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി ഓഫ് ഇന്ത്യയിലെ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം ഓൺലൈൻ വഴി പ്രസിഡൻഷ്യൽ അഡ്രസ് നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിന് നിയമ അവബോധത്തിന്റെയും നീതി ലഭ്യതയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി പി.എൽ.സി നടത്തുന്ന പ്രവർത്തനങ്ങളെ ചടങ്ങിൽ ആശംസാപ്രസംഗം നടത്തിയ പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയും ബഹ്റൈൻ മീഡിയ സിറ്റി സി.എം.ഡിയുമായ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.
വിവിധ ബഹ്റൈൻ സർക്കാർ വകുപ്പുകളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും ഉന്നത ഉദ്യോഗസ്ഥർ നയിച്ച അവബോധ ക്ലാസുകളും പ്രഭാഷണങ്ങളുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.
-
എൻ.പി.ആർ.എ (NPRA): നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് വകുപ്പിനെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻ മുഹമ്മദ് അബ്ദുൽ അസീസ് അൽ ഹമ്മാദി, ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുള്ള ഫുഅദ് അൽ ഹാജി, ലത്തീഫ ഫഖ്റൂ ഹസൻ ബുഫുതൈം എന്നിവർ പങ്കെടുത്തു.
-
എൽ.എം.ആർ.എ (LMRA): ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ പ്രതിനിധീകരിച്ച് പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി, ഷൈഖ നബീൽ അൽ മുല്ല എന്നിവർ സംബന്ധിച്ചു.
-
എസ്.ഐ.ഓ (SIO): സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് ലീഗൽ ലെജിസ്ലേറ്റീവ് അഫയേഴ്സ് ഹെഡ് അഹമ്മദ് അൽ ഖനിയ, വർക്ക് ഇൻജുറീസ് ഹെഡ് മറിയം ജുമ ഫസയ്യ, ഇൻഫർമേഷൻ സിസ്റ്റംസ് അനലിസ്റ്റ് നൂർ അഹമ്മദ് അൽ സയേഘ്, ഇൻഷുറൻസ് സർവീസസ് സ്പെഷ്യലിസ്റ്റ് ഫൈസൽ ഖാലിദ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.
-
ട്രാഫിക് വകുപ്പ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥരും എസ്.ഐ.ഒ പ്രതിനിധികളും പവർപോയിന്റ് പ്രസന്റേഷനുകളിലൂടെ ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ, തൊഴിൽ അപകട ഇൻഷുറൻസ്, എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ വിശദീകരിച്ചു.
-
ഐ.ഓ.എം (IOM): അന്താരാഷ്ട്ര കുടിയേറ്റ സംഘടനയെ പ്രതിനിധീകരിച്ച് ലേബർ മൊബിലിറ്റി പ്രോജക്ട് ഓഫീസർ നിഹാൽ AKL സുരക്ഷിത കുടിയേറ്റം, തൊഴിലാളി സംരക്ഷണം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.
ഇതുകൂടാതെ ശ്രീലങ്കൻ എംബസി കോൺസുലർ അറ്റാഷെ മിസ്സ് തരംഗിക, നേപ്പാൾ എംബസി ലേബർ അറ്റാഷെ മിസ്സ് സുനിത താപ്പ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പി.എൽ.സി പാനൽ അഭിഭാഷകരായ അഡ്വ. ബുഷ്റ മയൂഫ്, അഡ്വ. താരിഖ് അലൗൺ എന്നിവർ നയിച്ച ലീഗൽ ടോക്ക് സെഷനിൽ പ്രവാസികളുടെ നിയമപ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു.
തൊഴിൽ നിയമങ്ങൾ, വിസ നടപടികൾ, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ, താമസാനുമതി, ട്രാഫിക് നിയമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കിയ ഓപ്പൺ ചോദ്യോത്തര സെഷൻ ഏറെ ശ്രദ്ധേയമായി. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ നേരിട്ടും സൂം പ്ലാറ്റ്ഫോം വഴിയും ലൈവായും പരിപാടിയിൽ പങ്കെടുത്തു.
പി.എൽ.സി ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ഗവേണിംഗ് കൗൺസിൽ, എക്സിക്യൂട്ടീവ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. പി.എൽ.സി ട്രഷറർ ഗണേഷ് മൂർത്തി പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി ഇത്തരം കൂടുതൽ ജനകീയ പരിപാടികൾ വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.









