മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ ഇരുപതാം ജൂബിലി വർഷാഘോഷങ്ങളുടെ അനൗപചാരിക ഉദ്ഘാടനവും ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. വികാരി റവ. അനീഷ് സാമുവൽ ജോൺ, ഇടവക വൈസ് പ്രസിഡന്റ് സുദിൻ എബ്രഹാം എന്നിവർ ചേർന്ന് വിശുദ്ധ ആരാധനയ്ക്ക് ശേഷം ജൂബിലി ലോഗോയുടെ ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങൾക്കായി നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച ഡിസൈനാണ് ഔദ്യോഗിക ലോഗോയായി പ്രകാശനം ചെയ്തത്. ബുദയ്യ ഏരിയയിൽ നിന്നുള്ള ഇടവകാംഗം ബിജു ജോർജ് ആണ് ഈ മനോഹരമായ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ വിജയിയായ ബിജു ജോർജിനെ ഇടവകയുടെ പേരിൽ വികാരിയും കമ്മറ്റിയും ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു.
അതോടൊപ്പം തന്നെ, തങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ ഉപയോഗിച്ച് മത്സരത്തിൽ ആവേശപൂർവ്വം പങ്കെടുക്കുകയും വൈവിധ്യമാർന്ന ലോഗോ ഡിസൈനുകൾ സമർപ്പിക്കുകയും ചെയ്ത എല്ലാ കലാകാരന്മാർക്കും ഇടവക ഭാരവാഹികൾ സ്നേഹപൂർവ്വമായ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ നടക്കാനിരിക്കുന്ന ഈ ജൂബിലി വർഷാഘോഷങ്ങൾ ദൈവാനുഗ്രഹത്താൽ വിശ്വാസത്തിന്റെയും വലിയ കൂട്ടായ്മയുടെയും സാക്ഷ്യമായി മാറട്ടെയെന്ന് ചടങ്ങിൽ സംബന്ധിച്ചവർ പ്രാർത്ഥനാപൂർവ്വം ആശംസിച്ചു. ഇടവക ഭാരവാഹികളും വലിയൊരു ജനസഞ്ചയവും ചടങ്ങിൽ സന്നിഹിതരായിരുന്നു.









