മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം വിസ്ഡം ബഹ്റൈൻ ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന “ഫാമിലി കോൺഫറൻസ്” ഈ വരുന്ന ഒക്ടോബർ 30 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അതിന്റെ ഭാഗമായി ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ പ്രസിഡണ്ട് ഹംസ കെ. ഹമദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നാട്ടിലും ഗൾഫിലെ വിവിധ സ്ഥലങ്ങളിലുമായി നടക്കുന്ന പരിപാടികളെക്കുറിച്ചും സ്വാലിഹ് അൽ ഹികമി വിവരിച്ചു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന്നായി വി.പി. അബ്ദു റസാഖ് ചെയർമാനും അബ്ദു സലാം ചങ്ങരം ചോല ജനറൽ കൺവീനറുമായി വിപുലമായൊരു സ്വാഗതം സംഘം രൂപീകരിച്ചു.
കുടുംബ ബന്ധങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇഴയടുപ്പമില്ലായ്മയെക്കുറിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചും മറ്റും വസീം അഹ്മദ് അൽ ഹികമി സദസ്സിനെ ഉണർത്തി.
ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.









