മനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിലും മികച്ച പങ്കുവഹിക്കുന്ന കമ്പനികൾക്കായി ബഹ്‌റൈൻ പുതിയ അവാർഡ് പ്രഖ്യാപിച്ചു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (LMRA) സഹകരിച്ച് ‘മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി’യാണ് ‘പ്രൈവറ്റ് സെക്ടർ എക്സലൻസ് അവാർഡ് ഫോർ കംബാറ്റിങ് ട്രാഫിക്കിങ് ഇൻ പേഴ്‌സൺസ്’ എന്ന പുരസ്കാരം പ്രഖ്യാപിച്ചത്. അവാർഡിനായുള്ള നാമനിർദ്ദേശങ്ങൾ ജൂലൈ 20 വരെ സമർപ്പിക്കാം.
സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച തൊഴിൽ സംസ്കാരം വളർത്തിയെടുക്കുക, ഉത്തരവാദിത്തമുള്ള തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുക, തൊഴിലാളി സംരക്ഷണത്തിലെ മികച്ച മാതൃകകൾ പങ്കുവെക്കുക എന്നിവയാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. അപേക്ഷിക്കുന്ന സ്ഥാപനങ്ങളെ വെതന സംരക്ഷണ സംവിധാനം (WPS) ഉൾപ്പെടെയുള്ള രാജ്യത്തെ നിലവിലെ എല്ലാ തൊഴിൽ നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കും.
ബഹ്‌റൈനിൽ 2019 ജൂലൈയിലെ 68-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം എല്ലാ സ്വകാര്യ തൊഴിലുടമകൾക്കും വേതന സംരക്ഷണ സംവിധാനം (WPS) നിർബന്ധമാക്കിയിട്ടുണ്ട്. ബാങ്കുകൾ വഴിയും അംഗീകൃത പേയ്‌മെന്റ് സേവനദാതാക്കൾ വഴിയും ശമ്പളം കൃത്യമായി കൈമാറുന്നുണ്ടോ എന്ന് ഈ സംവിധാനത്തിലൂടെ എൽ.എം.ആർ.എ ഇലക്ട്രോണിക് ആയി നിരീക്ഷിക്കുന്നുണ്ട്.
സമൂഹത്തിലും സ്വകാര്യ മേഖലയിലും മനുഷ്യക്കടത്തിനെതിരെയുള്ള ശക്തമായ സംസ്കാരം വളർത്തിയെടുക്കാനുള്ള ബഹ്‌റൈന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അവാർഡെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് പറഞ്ഞു.
മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്:
-
വൻകിട സംരംഭങ്ങൾ (Large Enterprises)
-
ഇടത്തരം സംരംഭങ്ങൾ (Medium-sized Enterprises)
-
ചെറുകിട സംരംഭങ്ങൾ (Small Enterprises)
അവാർഡിൽ പങ്കെടുക്കാൻ താല്പര്യമുള്ള കമ്പനികൾ എൽ.എം.ആർ.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിശ്ചിത സ്വയം വിലയിരുത്തൽ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം നിശ്ചിത സമയത്തിനകം സമർപ്പിക്കണം. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വലിയ നിയമലംഘനങ്ങളോ മറ്റ് നിയമനടപടികളോ ഇല്ലെന്ന് എൽ.എം.ആർ.എ ഉറപ്പുവരുത്തും. വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലുകൾക്ക് ശേഷം അന്തിമ വിജയികളെ പ്രഖ്യാപിക്കും. ജൂലൈ 30-ലെ ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഫോറത്തിൽ വെച്ച് വിജയികളെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.lmra.gov.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹ്യൂമൻ ട്രാഫിക്കിങ് റിപ്പോർട്ടിൽ തുടർച്ചയായി എട്ടാം വർഷവും ഏറ്റവും ഉയർന്ന റാങ്കായ ‘ടയർ 1’ (Tier 1) പദവി നിലനിർത്തുന്ന ഏക ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ എന്നത് ശ്രദ്ധേയമാണ്.









