മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം, കേരള കാത്തലിക് അസോസിയേഷൻ , സോപാനം വാദ്യകലാ സംഘം ബഹ്‌റൈൻ, ഫീനിക്‌സ് എഡി പാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘വിദ്യാർത്ഥി ശാക്തീകരണ ബോധവൽക്കരണ ശില്പശാലയും സാംസ്കാരിക സർഗ്ഗസന്ധ്യയും’ സംഘടിപ്പിക്കുന്നു. 2026 നവംബർ 7 ശനിയാഴ്ച മനാമയിലെ കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത്.
രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന വിദ്യാർത്ഥി ശാക്തീകരണ ശില്പശാലയിൽ പരീക്ഷാഭയം മറികടക്കുക, ആത്മവിശ്വാസം വളർത്തുക, ഉത്കണ്ഠയും അക്കാദമിക സമ്മർദ്ദവും അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ ‘OWN YOUR EXAM’ എന്ന വിഷയത്തിൽ പ്രഗത്ഭർ നയിക്കുന്ന സംവേദനാത്മക പരിശീലനം നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപരിപഠന-കരിയർ മാർഗ്ഗനിർദ്ദേശങ്ങളും മനഃശാസ്ത്രാധിഷ്ഠിത കൗൺസിലിംഗും ലഭ്യമാക്കും.
വൈകുന്നേരം 6:30 മുതൽ പരമ്പരാഗത വാദ്യകലകളും ആധുനിക സംഗീതവും സമന്വയിക്കുന്ന “ആരുദ്ര” ഗ്രാൻഡ് ഫ്യൂഷൻ മ്യൂസിക്കൽ കൺസേർട്ടും സാംസ്കാരിക സന്ധ്യയും നടക്കും. സോപാനം വാദ്യകലാ സംഘം ഡയറക്ടറും മേളകലാരത്നവുമായ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ മികച്ച കലാകാരന്മാർ വേദിയിലെത്തും. അന്താരാഷ്ട്ര മെഡിക്കൽ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യമേഖലയിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും. 500-ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിയിലേക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ എസ്.ജി.എഫ് ചെയർമാൻ എബ്രഹാം ജോൺ, ആരുദ്ര സോപാനം മ്യൂസിക്കൽ ബാൻഡ് ചെയർപേഴ്‌സൺ നിധി വിനോദ്, ജനറൽ കൺവീനർ ഡി. കൃഷ്ണകുമാർ, ചീഫ് കോർഡിനേറ്റർ വിജയകുമാർ പി., സോപാനം ചെയർമാൻ കെ.ആർ. ചന്ദ്രശേഖരൻ, കൗൺസിലർ വിമല തോമസ്, കെ.സി.എ പ്രതിനിധി ജീൻസ് ജോസഫ്, എസ്.ഡി.എഫ് കോർഡിനേറ്ററും ഫീനിക്‌സ് എഡി പാർക്ക് പ്രതിനിധിയുമായ റെജീന ഇസ്മായിൽ, എലിസബ ജോൺ എന്നിവർ സംബന്ധിച്ചു.









