കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളിലും ഇ.കെ. സലീം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് ബജറ്റ് എയർലൈൻ സർവീസുകൾ യാഥാർത്ഥ്യമാക്കുന്നതിനും യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റ് സാമൂഹിക സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. പ്രവാസികളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിക്കുകയും പ്രയാസപ്പെടുന്നവർക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസി സമൂഹം എന്നും ഓർമ്മിക്കും എന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
മികച്ച സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ഫാമിലി കൗൺസിലർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെ.ഐ.ജി, യാത്രാ അവകാശ സംരക്ഷണ സമിതി, പ്രവാസി വെൽഫെയർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവയുടെ പ്രസിഡന്റായും വിവിധ പ്രവാസി സാമൂഹിക കൂട്ടായ്മകളുടെ ഭാഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസി വെൽഫെയറിനു വേണ്ടി പ്രസിഡൻ്റ് മജീദ് തണൽ ഇ.കെ. സലീമിന് ഉപഹാരം കൈമാറി. പ്രവാസജീവിതത്തിൽ ബഹ്‌റൈനിലെ പ്രവാസി സമൂഹവും പ്രത്യേകിച്ച് പ്രവാസി വെൽഫെയർ കൂട്ടായ്മയും തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കരുതലിനും ഇ.കെ. സലീം നന്ദി രേഖപ്പെടുത്തി.









