ഡൽഹി: ഇന്ത്യയിലെ അനിയന്ത്രിതമായ വിമാനയാത്രക്കൂലിയുമായി ബന്ധപെട്ട് സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ 2026 ഓഗസ്റ്റ് 17-ന് കേസ് പരിഗണിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി, കോടതിയുടെ മുമ്പാകെ കേന്ദ്ര സർക്കാർ സമർപ്പിച്ച ചട്ടങ്ങൾ പരിശോധിക്കുകയും അവ അന്തിമരൂപം നൽകി വീണ്ടും കോടതിയിൽ സമർപ്പിക്കുന്നതിനായി മൂന്ന് ആഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമയം അനുവദിക്കുകയും ചെയ്തു. കേസ് 2026 സെപ്റ്റംബർ 7-ന് വീണ്ടും പരിഗണിക്കും.
ലക്ഷ്മിനാരായൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡണ്ടും സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോഡുമായ ജോസ് എബ്രഹാം ഉൾപ്പെടെയുള്ള അഭിഭാഷകരാണ് കേസിൽ ഹർജിക്കാർക്കായി ഹാജരാവുന്നത്.
“വിമാനക്കൂലി വർധനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവാസി സങ്കടനകൾ നാളുകളായി പലവിധത്തിലുള്ള നീക്കങ്ങൾ നടത്തിവന്നിരുന്നു എങ്കിലും ഏറ്റവും അവസാനമായി ഉണ്ടായ നിർണായകമായ നടപടിയാണ് സുപ്രീം കോടതിയിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാരിന് വലിയ റോൾ വിമാനയാത്രിക്കൂലി നിർണയത്തിൽ ഇല്ല എന്നും കമ്പോള ശക്തികൾ വിമാനക്കൂലി നിർണയിക്കുന്നു എന്നുമാണ് ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ മുൻപ് നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വിഷയത്തിൽ സുപ്രീം കോടതി കടുത്ത നിലപാടെടുത്തപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റുകയാണ് ഉണ്ടായത്.
പ്രവാസികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് സുപ്രീം കോടതിയുടെ നടപടിയിൽ ഉണ്ടായിരിക്കുന്നത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി പ്രവാസി ലീഗൽ സെല്ലിന്റെ വിവിധ ചാപ്റ്ററുകൾ നടത്തിവന്ന നിരവധിയായ ഇടപെടലുകളിൽ ഫലമാണിയുന്നതിലും സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്തുകൊണ്ടും ദുബായ് ചാപ്പ്റ്റർ അദ്ധ്യക്ഷൻ ടി എൻ കൃഷ്ണകുമാർ, അബുദാബി ചാപ്പ്റ്റർ അദ്ധ്യക്ഷൻ ഡോ. ജയ്പാൽ ചന്ദ്രസേനൻ, യൂകെ ചാപ്പ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, ഒമാൻ ചാപ്പ്റ്റർ അദ്ധ്യക്ഷ അഡ്വ. ജെസ്സി ജോസ് , ഇറ്റലി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പ് ജോസ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.









