small icons
small icons

കഴിഞ്ഞ വർഷം ബഹ്‌റൈൻ ഉപഭോഗം ചെയ്തത് 25,000 മെട്രിക് ടണ്ണിലധികം മത്സ്യം; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്

fish

മനാമ: ബഹ്‌റൈനിൽ മത്സ്യ ഉപഭോഗത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ (SCE) പുതിയ കണക്കുകൾ. ബഹ്‌റൈൻ ഓപ്പൺ ഡാറ്റാ പോർട്ടൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025-ൽ രാജ്യത്ത് 25,029 മെട്രിക് ടൺ മത്സ്യമാണ് ഉപഭോഗം ചെയ്തത്. മുൻവർഷത്തെ (23,582 ടൺ) അപേക്ഷിച്ച് ഉപഭോഗത്തിൽ 6 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.

കഴിഞ്ഞ വർഷം രാജ്യത്തെ തദ്ദേശീയ മത്സ്യബന്ധനത്തിലൂടെ 200 ദശലക്ഷത്തിലധികം ബഹ്‌റൈനി ദിനാർ മൂല്യം വരുന്ന 16,961.30 ടൺ മത്സ്യം ലഭിച്ചു. ഇത് 2024-നേക്കാൾ (16,466.23 ടൺ) 3 ശതമാനം കൂടുതലാണ്. കൂടാതെ, വർദ്ധിച്ചുവരുന്ന ആവശ്യകത പൂർത്തീകരിക്കുന്നതിനായി 20,495 ടൺ മത്സ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയും 12,427 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തു.

മത്സ്യബന്ധന രീതികളിൽ പരമ്പരാഗത കൂടുകളായ ‘ഗർഗൂർ’ (Gargoor) വഴിയാണ് ഏറ്റവും കൂടുതൽ മത്സ്യം പിടികൂടിയത് (10,670 ടണ്ണിലധികം). ഗിൽ നെറ്റ് (3,020.90 ടൺ), ചൂണ്ടയും കയറും (2,510.59 ടൺ) എന്നിവയാണ് തൊട്ടുപിന്നിൽ. സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈയ (Khayya) രീതിക്ക് നിരോധനം ഏർപ്പെടുത്തിയതിനാൽ ഈ രീതി വളരെ കുറച്ചാണ് ഉപയോഗിച്ചത്.

മനാമ സെൻട്രൽ മാർക്കറ്റ് വഴി മാത്രം 7,815.16 ടൺ മത്സ്യം വിറ്റഴിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു ഏറ്റവും ഉയർന്ന വിൽപ്പന. ഏപ്രിൽ 1 മുതൽ മേയ് 31 വരെ ഷാരി, സാഫി, അന്ദാക് എന്നീ ജനപ്രിയ മത്സ്യങ്ങൾക്ക് നിരോധനമുണ്ടായിരുന്നതിനാൽ ഏപ്രിൽ മാസത്തിലാണ് ഏറ്റവും കുറഞ്ഞ മൽസ്യബന്ധനം (371.26 ടൺ) നടന്നത്. എന്നാൽ നിരോധനം മാറിയ ജൂൺ മാസത്തിൽ റെക്കോർഡ് അളവിൽ (2,114.17 ടൺ) മത്സ്യം ലഭിച്ചു.

കൂടാതെ, കഴിഞ്ഞ വർഷം 426.69 ടൺ ചെമ്മീൻ കയറ്റുമതി ചെയ്തു. ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെയുള്ള ആറുമാസത്തെ ട്രോളിംഗ് നിരോധനത്തിന് തൊട്ടുമുമ്പുള്ള ജനുവരി മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റുമതി നടന്നത്. രാജ്യത്ത് നിലവിൽ 1,373 രജിസ്റ്റർ ചെയ്ത ബോട്ടുകളും 4,429 ലൈസൻസുള്ള മത്സ്യത്തൊഴിലാളികളുമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!