ഷാഫി മുഹമ്മദ്
മനാമ: രാജ്യത്തെ സ്ത്രീകളിൽ സ്തനാർബുദം തുടക്കത്തിലേ കണ്ടുപിടിക്കുന്നതിനായി വൻ സജ്ജീകരണങ്ങളുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ജനങ്ങൾക്ക് അനായാസം സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളമുള്ള അഞ്ച് പ്രധാന ഹെൽത്ത് സെന്ററുകളിൽ സൗജന്യ മാമോഗ്രാം പരിശോധന സൗകര്യങ്ങൾ മന്ത്രാലയം ഏർപ്പെടുത്തി.
ഇതിനുപുറമേ, രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് കൂടുതൽ വിദഗ്ധ പരിചരണം നൽകുന്നതിനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന പ്രത്യേക ‘ബ്രെസ്റ്റ് അസസ്മെന്റ് ക്ലിനിക്ക്’ ആരംഭിച്ചു. ഇവിടെ വിദഗ്ധ ഡോക്ടർമാരുടെ സംഘം റിപ്പോർട്ടുകൾ പരിശോധിച്ച് ആവശ്യമായ തുടർചികിത്സകൾ ഉറപ്പാക്കും.
സൗജന്യ പരിശോധന ലഭ്യമാകുന്ന 5 ഹെൽത്ത് സെന്ററുകൾ (ആഴ്ചയിൽ 6 ദിവസം):
-
ഹമദ് കാനു മെഡിക്കൽ സെന്റർ (ഈസ ടൗൺ)
-
നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ മെഡിക്കൽ സെന്റർ (അറാദ്)
-
നഈം മെഡിക്കൽ സെന്റർ (മനാമ)
-
അൽ ആലി മെഡിക്കൽ സെന്റർ (ആലി)
-
മുഹമ്മദ് ജാസിം കാനു മെഡിക്കൽ സെന്റർ (ഹമദ് ടൗൺ)
ഈ സെന്ററുകളിൽ നിന്നുള്ള മാമോഗ്രാം ഫിലിമുകൾ കേന്ദ്രീകൃത പരിശോധനയ്ക്കായി ‘ദാർ റുഫൈദ’യിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് അയക്കും. വിദഗ്ധ റേഡിയോളജിസ്റ്റുകൾ പരിശോധിച്ച് സംശയമുള്ള കേസുകൾ സൽമാനിയ ആശുപത്രിയിലെ ക്ലിനിക്കിലേക്കും, പോസിറ്റീവ് കേസുകൾ സർജന്മാരുടെ സംഘത്തിലേക്കും തുടർനടപടികൾക്കായി കൈമാറും.
ആരോഗ്യ മന്ത്രാലയത്തിലെ എഞ്ചിനീയർമാർ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുന്ന അത്യാധുനിക മാമോഗ്രഫി മെഷീനുകളാണ് ഈ സെന്ററുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ച ടെക്നീഷ്യന്മാർ നടത്തുന്ന ഈ പരിശോധനയ്ക്ക് 15 മുതൽ 20 മിനിറ്റ് വരെ സമയം മാത്രമേ ആവശ്യമുള്ളൂ. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ രോഗം മുൻകൂട്ടി തിരിച്ചറിയാൻ മാമോഗ്രാം പരിശോധന സഹായിക്കും.









