മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബുമായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തി. മൂന്ന് വർഷത്തെ ഔദ്യോഗിക സേവനം വിജയികരമായി പൂർത്തിയാക്കി ന്യൂഡൽഹിയിലേക്ക് മടങ്ങാനിരിക്കെ അംബാസഡറുടെ ഓഫീസിലെത്തിയാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് നൽകിയ മികച്ച സേവനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾക്കും പി. വി. രാധാകൃഷ്ണപിള്ള അംബാസഡർക്ക് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും സാംസ്കാരിക കൂട്ടായ്മകൾക്ക് പിന്തുണ നൽകാനും അദ്ദേഹം കാണിച്ച താല്പര്യം പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മടക്കയാത്രയ്ക്ക് ശേഷം ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ഓഷ്യാനിയ ഡിവിഷന്റെ ചുമതലയാണ് വിനോദ് കെ. ജേക്കബ് ഏറ്റെടുക്കുന്നത്. പുതിയ സ്ഥാനലബ്ധിയിൽ എല്ലാവിധ വിജയങ്ങളും ആശംസിച്ച പി. വി. രാധാകൃഷ്ണപിള്ള, ഭാവിയിൽ രാജ്യത്തിന്റെ നയതന്ത്ര സേവനരംഗത്ത് കൂടുതൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ആശംസിച്ചു.









