മനാമ: നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക നന്മയുടെയും നട്ടെല്ലായ പ്രവാസി സമൂഹത്തെ രാഷ്ട്രീയ ലാഭത്തിനായി അധിക്ഷേപിക്കാനും അവഗണിക്കാനുമുള്ള വിഡി സതീശൻ സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് ലോക കേരളസഭാംഗവും ബഹ്‌റൈൻ പ്രതിഭ നേതാവുമായ സുബൈർ കണ്ണൂർ പ്രസ്താവനയിൽ പറഞ്ഞു. പ്രവാസികളുടെ ഏക ജനാധിപത്യ വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രവാസി സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
വർഷങ്ങളായി പ്രവാസി പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിരുന്ന ഒരു അവസ്ഥയിൽ നിന്നാണ് ഇടതുപക്ഷ സർക്കാർ ലോക കേരളസഭ എന്ന ഔദ്യോഗിക വേദിയൊരുക്കിയത്. പ്രവാസികൾ സ്വന്തം ചെലവിൽ എത്തിച്ചേർന്ന് നാടിന്റെ വികസനത്തിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്ന ഈ വേദിയെ ധൂർത്തായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ തിന്മയാണ്. നിലവിലെ പദവികൾ ദുരുപയോഗം ചെയ്തുകൊണ്ട് സ്പോൺസർഷിപ്പ് യാത്രകളുടെയും സുഖലോലുപതയുടെയും തണലിൽ മുന്നോട്ട് പോകുന്ന ഭരണാധികാരികൾക്ക് പ്രവാസികളുടെ യഥാർത്ഥ ആശങ്കകൾ മനസ്സിലാവില്ല.
മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷനുകൾ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുന്നതിൽ അടിയന്തര നടപടി സ്വീകരിക്കാത്ത സർക്കാരാണ് പ്രവാസികളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നത്. പ്രവാസികളെ വെറും ‘കറവപ്പശുക്കളായി’ മാത്രം കണ്ട് സ്വന്തം സ്പോൺസേഡ് വിമാന – വിദേശ യാത്രകൾക്കായി മാത്രം ഉപയോഗപ്പെടുത്തുന്ന സമീപനമാണ് സർക്കാരിന്റേത്.
വീഴ്ചകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് വർഷംതോറും നവീകരിച്ച് കൂടുതൽ കാര്യക്ഷമമാക്കേണ്ട ഒരു വേദിയെ മൊത്തത്തിൽ ഇല്ലായ്മ ചെയ്യുന്നത് പ്രവാസികളെ രണ്ടാം തരം പൗരന്മാരായി മാറ്റുന്നതിന് തുല്യമാണ്. ലോക കേരളസഭയെന്ന ജനാധിപത്യ സംവിധാനം ഇല്ലായ്മ ചെയ്യുന്നതിലൂടെ പ്രവാസികളുടെ ശംബ്ദം മാറ്റിനിർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും സർക്കാരിന്റെ പ്രവാസി വിരുദ്ധ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും സുബൈർ കണ്ണൂർ കൂട്ടിച്ചേർത്തു.









