മനാമ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് അൽ ഹി ലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ജുഫൈർ ഒയാസിസ് മാളും റേഡിയോ മിർച്ചിയുമായി ചേർന്ന് ‘വേൾഡ് ഹാർട്ട് ഡേ – സീസൺ 2’ സംഘടിപ്പിച്ചു. “ഡോണ്ട് മിസ് എ ബീറ്റ്” എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളും കുടുംബങ്ങളും ആരോഗ്യ രംഗത്തെ വിദഗ്ധരും പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ചടങ്ങിൽ റേഡിയോ മിർച്ചി ടീം അവതരിപ്പിച്ച കലാപരിപാടികളും കാണികൾക്കായുള്ള മത്സരങ്ങളും വിനോദ പരിപാടികളും വേദിക്ക് മാറ്റുകൂട്ടി. ഫിറ്റ്നസ് ഫസ്റ്റ് നടത്തിയ ഫിറ്റ്നസ് ടെസ്റ്റ്, ഹൃദ്രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
അൽ ഹി ലാൽ ഗ്രൂപ്പിലെ പ്രമുഖ ഹൃദയരോഗ വിദഗ്ധരായ ഡോ. സന്തോഷ് മൈസൂർ ജയദേവ്, ഡോ. മുഹമ്മദ് അബ്ദുൽ ഖാദർ, പൾമണോളജിസ്റ്റ് ഡോ. മിൽറ്റ കുര്യാക്കോസ്, ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. രാഹുൽ അബ്ബാസ് എന്നിവർ പങ്കെടുത്ത മെഡിക്കൽ പാനൽ ചർച്ചയും ചോദ്യോത്തര വേളയും നടന്നു. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ പരിശീലനവും വിദഗ്ധർ കാണികൾക്കായി നൽകി.
പരിപാടിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത എല്ലാവർക്കും 50 ബഹ്റൈനി ദിനാർ മൂല്യമുള്ള സൗജന്യ ഹൃദയാരോഗ്യ പരിശോധനാ വൗച്ചറും കാർഡിയോളജി കൺസൾട്ടേഷൻ വൗച്ചറും വിതരണം ചെയ്തു. കുട്ടികൾക്കായി ഫെയ്സ് പെയിന്റിംഗും കളറിംഗ് മത്സരങ്ങളും അടങ്ങിയ കിഡ്സ് കാർണിവലും ഒരുക്കിയിരുന്നു.

മെഗാ റാഫിൾ നറുക്കെടുപ്പിലൂടെ വിജയികൾക്ക് 250 ദിനാറിന്റെ പണസമ്മാനങ്ങളും റാമി ഗ്രാന്റ് ഹോട്ടൽ, ഗൾഫ് ഹോട്ടൽ, ഡൗൺടൗൺ റൊട്ടാന തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെ സൗജന്യ താമസ വൗച്ചറുകളും സമ്മാനിച്ചു. തുടർന്ന് ഒയാസിസ് മാളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ചേരുകയും മനുഷ്യചങ്ങല പോലെ ഭീമൻ ഹൃദയത്തിന്റെ ആകൃതി തീർക്കുകയും ചെയ്തത് ശ്രദ്ധേയമായ കാഴ്ചയായി.
ഉത്തരമേഖലാ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് മേധാവി ഇസാം ഈസ അൽ ഖയ്യാത്ത് മുഖ്യാതിഥിയായിരുന്നു. അൽ ഹി ലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി & ബിസിനസ് ഡെവലപ്മെന്റ്) ഡോ. ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ, റീജിയണൽ മാർക്കറ്റിംഗ് ഗ്രൂപ്പ് മാനേജർ മദീഹ, അൽ ഹി ലാൽ മാർക്കറ്റിംഗ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആശുപത്രികൾക്ക് പുറത്തേക്ക് ഇറങ്ങി സമൂഹത്തിന് ആരോഗ്യ ബോധവൽക്കരണം നൽകുക എന്നതാണ് അൽ ഹി ലാലിന്റെ ലക്ഷ്യമെന്നും, ഈ പരിപാടിക്ക് ലഭിച്ച വൻ ജനപങ്കാളിത്തം ആളുകളിൽ വർദ്ധിച്ചുവരുന്ന ഹൃദയാരോഗ്യ ബോധവൽക്കരണത്തിന് തെളിവാണെന്നും സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. റമീ ഗ്രാന്റ്, കേക്ക് ബോട്ടീക്ക്, ഫിറ്റ്നസ് ഫസ്റ്റ്, തമീമി മാർക്കറ്റ്സ് തുടങ്ങിയ നിരവധി പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പരിപാടിയുടെ സ്പോൺസർമാരായിരുന്നു.









