മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് ഇടവക പെരുന്നാളും വാർഷിക കൺവൻഷനും 2026 ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ പരിപാടികളോടെ നടത്തപ്പെടുന്നു.
ഇടവകയുടെ ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവൻഷനിൽ ഒക്ടോബർ 4, 5, 6 തീയതികളിൽ പ്രമുഖ ദൈവവചന പ്രഘോഷകൻ ഫാ. ഡോ. തോംസൺ റോബി മുഖ്യ പ്രഭാഷണം നടത്തും.
ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, ധ്യാനപ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, റാസ (പ്രദക്ഷിണം) എന്നിവ നടക്കും. ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ വിശുദ്ധ മൂന്നിൻമേൽ കുർബാന, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഭക്തിസാന്ദ്രമായ സമാപനമാകും.
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകളിലും കൺവൻഷനിലും എല്ലാ വിശ്വാസികളും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. തോമസ്കുട്ടി പി. എൻ, സഹവികാരി ഫാ. റിജോ ചാക്കോ, ട്രസ്റ്റി ശ്രീ. ജോൺ കെ. പി, സെക്രട്ടറി ശ്രീ. എബി കുരുവിള എന്നിവർ അഭ്യർത്ഥിച്ചു.









