റിപ്പോർട്ട്: ഷാഫി മുഹമ്മദ്
മനാമ: ഓർമ്മശക്തി കൊണ്ടും കഴിവുകൾ കൊണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബഹ്റൈനിലെ പ്രവാസി മലയാളി ബാലൻ. കാസർഗോഡ് കുമ്പള ബദ്രിയാനഗർ സ്വദേശികളായ അൻവറിന്റെയും കുബ്റയുടെയും മകനായ മൂന്ന് വയസ്സുകാരൻ സഈദ് സൈൻ ദഹ്ലാൻ അബ്ദുൽ അൻവർ ആണ് ‘ഐ.ബി.ആർ അച്ചീവർ’ പദവി സ്വന്തമാക്കി ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അഭിമാനമായത്.
തന്റെ മൂന്നാം വയസ്സിൽ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഈദ് കാഴ്ചവെച്ചത്. 140 ജീവികളെ കൃത്യമായി തിരിച്ചറിഞ്ഞ് പേരുപറയുക, 1 മുതൽ 100 വരെയുള്ള സംഖ്യകൾ എണ്ണുക, ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും അവയുമായി ബന്ധപ്പെട്ട മൃഗങ്ങളുടെ പേരുകളും കാണാതെ പറയുക എന്നിവ ഈ കൊച്ചുമിടുക്കൻ ലളിതമായി ചെയ്തു കാണിച്ചു.
ഇതിനുപുറമെ പച്ചക്കറികൾ, വാഹനങ്ങൾ, ഇംഗ്ലീഷ് അക്ഷരങ്ങളും വാക്കുകളും ഉൾപ്പെടുന്ന 16 പീസുകൾ വീതമുള്ള മൂന്ന് മെമ്മറി ടെസ്റ്റ് ഗെയിമുകളും ഈ കൊച്ചുമിടുക്കൻ വിജയകരമായി പൂർത്തിയാക്കി. 2026 സെപ്റ്റംബർ 4-ന് രേഖപ്പെടുത്തിയ പ്രകടനത്തിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
പ്രവാസലോകത്ത് വളരുന്ന ഈ കുഞ്ഞുപ്രതിഭയുടെ നേട്ടത്തിൽ ബഹ്റൈനിലെ മലയാളി സമൂഹവും കുടുംബാംഗങ്ങളും സന്തോഷം പങ്കുവെച്ചു.









