മനാമ: ബഹ്‌റൈനിലെ പ്രമുഖ പണമിടപാട് സാമ്പത്തിക സേവന ദാതാക്കളായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രവർത്തനത്തിന്റെ 13 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി. കമ്പനിയുടെ ബഹ്‌റൈനിലെ ആദ്യ ശാഖയായ ഹിദ്ദിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.
2013-ൽ ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പണമിടപാടുകളിലും വിദേശനാണ്യ വിനിമയത്തിലും തുടങ്ങി ഇന്ന് ദൈനംദിന പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള വിപുലമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളിലേക്ക് വളർന്നു കഴിഞ്ഞു. ഉപഭോക്താക്കൾക്കായി ശാഖകൾ വഴിയുള്ള നേരിട്ടുള്ള സേവനങ്ങൾക്കു പുറമേ, സുരക്ഷിതമായി പണമയക്കാൻ സഹായിക്കുന്ന ‘ലുലു മണി’ മൊബൈൽ ആപ്പിലൂടെയുള്ള മികച്ച ഡിജിറ്റൽ സൗകര്യവും കമ്പനി നൽകിവരുന്നു.
വിവിധ പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഫിൻടെക് കമ്പനികൾ എന്നിവയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെ പ്രാദേശിക-അന്തർദേശീയ ബിൽ പേയ്‌മെന്റുകൾ, എൽ.എം.ആർ.എ വിസ ഫീസുകൾ, സ്‌കൂൾ ഫീസുകൾ എന്നിവ ലളിതമായി അടയ്ക്കാനുള്ള സൗകര്യവും ലുലു എക്സ്ചേഞ്ച് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകൾ നടത്തുന്ന കമ്പനികൾക്ക് ആവശ്യമായ ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
ശാഖകൾ വഴിയോ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് ഏറ്റവും ലളിതവും വിശ്വസനീയവുമായ സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും 13 വർഷമായി നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് എല്ലാ ഉപഭോക്താക്കളോടും നന്ദി അറിയിക്കുന്നതായും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
2013 മുതൽ ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയിൽ സജീവ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ദൈനംദിന പേയ്‌മെന്റുകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കുന്ന നൂതന സാങ്കേതികവിദ്യകളുമായി ബഹ്‌റൈനിലെ സേവനങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വ്യക്തമാക്കി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത്.









