മനാമ: ജനങ്ങളുടെ സുഖദുഃഖങ്ങളിൽ അവരോടൊപ്പം ചേർന്നുനിന്നാൽ അവർ തിരിച്ച് നമ്മെയും ചേർത്തുപിടിക്കുമെന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതെന്ന് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല. ഒ.ഐ.സി.സി (OICC) കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം വിജയസാധ്യതയേറിയ മറ്റ് മണ്ഡലങ്ങളിലും എന്നെ പരിഗണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി പത്തനാപുരത്തുകാരുമായി പുലർത്തിയ ആത്മബന്ധം അവർ തന്നോടൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മവിശ്വാസം നൽകി. പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ല; കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് തന്നെ മുന്നോട്ട് നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപുള്ള സർവേകളും എക്‌സിറ്റ് പോളുകളും പരാജയം പ്രവചിച്ചപ്പോഴും പത്തനാപുരത്തെ ജനങ്ങളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി കൊല്ലം ജില്ലാ പ്രസിഡന്റ് വില്യം ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, സൈദ് എം.എസ്, ഷമീം കെ.സി, ജേക്കബ് തേക്ക്‌തോട്, പ്രദീപ് മേപ്പയൂർ, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, സെക്രട്ടറി രജിത് മൊട്ടപ്പാറ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മനോജ് മാത്യു, ജില്ലാ ജനറൽ സെക്രട്ടറി നാസർ തൊടിയൂർ, ഐ.വൈ.സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവർ ആശംസകൾ നേർന്നു.
ഒ.ഐ.സി.സി കൊല്ലം ജില്ലാ ഭാരവാഹികളായ റോയ് മാത്യു, അനുരാജ്, ആനി അനു, ബിജു വൈദ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









