മനാമ: പുതു തലമുറയിലെ കുട്ടികൾ വിവിധ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അതോടൊപ്പം സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരുടെ പ്രയാസങ്ങൾ തിരിച്ചറിയാനും അവർക്കായി പ്രവർത്തിക്കാൻ തയാറാകണമെന്നും വിഷൻ 2026 ഡയറക്ടർ എം. സാജിദ് അഭിപ്രായപ്പെട്ടു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിങ്ങായ ടീൻ ഇന്ത്യ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിൽ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സാധാരണക്കാരായ ജനങ്ങൾ ജീവിക്കുന്നുണ്ട്. സമൂഹത്തിലെ ഇത്തരം ദുരിതങ്ങൾ തിരിച്ചറിയുകയും അർഹരായവർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിപാടിയിൽ ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം എം അദ്ധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ബോയ്സ് പ്രസിഡന്റ് മുഹമ്മദ് നോഷിൻ സ്വാഗതവും പറയുകയും ഗേൾസ് വിംഗ് പ്രസിഡന്റ് മിന്നത് നൗഫൽ നന്ദി പറയുകയും ചെയ്തു. ദിയ നസീമിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി ഫിൽസ ഫൈസൽ , ആയിശ നദ് വ എന്നിവർ നിയന്ത്രിച്ചു. ഫ്രൻഡ്സ് ജനറൽ സെക്രട്ടറി മുഹ്യുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി , ടീൻസ് വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, വനിതാവിഭാഗം ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, കേന്ദ്ര സമിതി അംഗങ്ങളായ നദീറ ഷാജി, മെഹ്റ മൊയ്തീൻ, റമീന മുനീർ, സഫ ഷാഹുൽ ഹമീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









