മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്ന ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത്, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിക്ക് തന്റെ സ്ഥാനപതി പത്രത്തിന്റെ പകർപ്പ് കൈമാറി. മനാമയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചുനടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ചരിത്രപരമായ ബന്ധവും കൂടുതൽ ശക്തമാക്കാൻ ധാരണയായി.
പുതിയ അംബാസഡറെ ഔദ്യോഗികമായി സ്വീകരിച്ച വിദേശകാര്യ മന്ത്രി, ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തെയും വിവിധ മേഖലകളിലെ വളർച്ചയെയും എടുത്തുപറഞ്ഞു. ഡോ. രാജ്‌പുരോഹിതിന്റെ നയതന്ത്ര ദൗത്യത്തിന് അദ്ദേഹം സർവവിധ ആശംസകളും നേർന്നു.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ വിപുലമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ വിദേശകാര്യ മന്ത്രാലയ പ്രോട്ടോക്കോൾ വിഭാഗം മേധാവി അംബാസഡർ സ്വലാഹ് മുഹമ്മദ് ശിഹാബ്, ഏഷ്യൻ-പസഫിക് കാര്യ വിഭാഗം ആക്ടിംഗ് മേധാവി അംബാസഡർ മുഹമ്മദ് റാഷിദ് അൽ സുവൈദി എന്നിവരും പങ്കെടുത്തു.









